pm-modi-

ഹൈദരാബാദ് : ' സിങ്കം ' പോലുള്ള സിനിമകളിലെ ' സൂപ്പർ പൊലീസി'നെ പോലെയാകരുത് ഉദ്യോഗസ്ഥർ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാഡമിയിൽ 2018 ബാച്ച് ഐ.പി.എസ് പ്രൊബേഷണർമാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

' പുതുതായി ഡ്യൂട്ടിയിൽ ചേരുന്ന പൊലീസുകാരിൽ ചിലർക്ക് ഷോ കാട്ടാനും ആളുകളെ പേടിപ്പെടുത്താനുമാകും ആദ്യം താത്പര്യം. തന്റെ പേര് കേട്ടാൽ എല്ലാവരും വിറയ്ക്കണമെന്ന് അവർ ആഗ്രഹിക്കും. അത്തരക്കാർ ചിലപ്പോൾ പൊലീസിന്റെ കർത്തവ്യം തന്നെ മറന്നുപോകും. അക്കാഡമിയിൽ നിന്നും പാസായ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുമായി താൻ സംവദിക്കാറുണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം അവരെ കാണാൻ സാധിച്ചില്ല. എന്നാൽ എന്റെ അധികാര സമയത്ത് ഞാൻ നിങ്ങളെ എല്ലാവരെയും ഒരു അവസരത്തിൽ കാണുമെന്ന് എനിക്കുറപ്പാണ്. ' മോദി പറഞ്ഞു.

യൂണിഫോം ധരിക്കുമ്പോൾ അതിൽ അഭിമാനം ഉണ്ടാകണമെന്നും അതൊരിക്കലും ദുരുപയോഗം ചെയ്യരുതെന്നും മോദി ഓർമിപ്പിച്ചു. കൊവിഡ് കാലത്ത് പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനങ്ങൾ ജനമനസുകളിൽ ഇടം നേടിയതായും മോദി ചൂണ്ടിക്കാട്ടി. കൊവിഡ് സമയത്ത് പൊലീസുകാർ കാണിക്കുന്ന മാനുഷിക പ്രവർത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തു. ശരിയായ മാർഗത്തിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും മോദി സംസാരിച്ചു. ' ബിഗ് ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഇന്ന് സുലഭമാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും പ്രയോജനകരമാണ്. ' എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെയും മോദി എടുത്തു പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കർമയോഗി പദ്ധതി സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പരിഷ്കാരമാണെന്നും മോദി ഓർമിപ്പിച്ചു. ' എന്തും എപ്പോൾ വേണമെങ്കിലും നേരിടേണ്ടി വരാമെന്ന തരത്തിലെ ജോലിയാണ് നിങ്ങളുടേത്. അതിനായി എല്ലാവരും ജാഗ്രത പാലിക്കുകയും തയാറാകുകയും വേണം. ഒരുപാട് സമ്മർദ്ദം ഉണ്ടായേക്കാം. ഇവിടെയാണ് പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കേണ്ടത്. പൊലീസ് ഉദ്യോഗസ്ഥർക്കിടെയിൽ ശാരീരികക്ഷമത പ്രധാനമാണ്. ' പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു. 28 വനിതകൾ ഉൾപ്പെടെ 131 പ്രൊബേഷണർമാർ ആണ് 2018 ഐ.പി.എസ് ബാച്ചിലെ തങ്ങളുടെ ട്രെയിംനിംഗ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.