covid-vaccine-

മോസ്കോ: റഷ്യയിലെ കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ ലോകത്തിന് ഏറെ പ്രതീക്ഷ നൽകുകയാണ്. 'സ്പുട്നിക്-അഞ്ച് ' എന്ന കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളിൽ പങ്കെടുത്ത മുഴുവൻ സന്നദ്ധപ്രവർത്തകരിലും രോഗപ്രതിരോധശേഷി ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്ത്.

ഈ കഴിഞ്ഞ ജൂൺ- ജൂലായ് മാസങ്ങളിലായി 76 പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ മുഴുവൻ പേരിലും വൈറസിനെതിരായ ആന്റിബോഡികൾ വികസിക്കുന്നതായി കണ്ടെത്തി. ഇവർക്ക് ഗുരുതരമായ പാർശ്വഫലങ്ങളില്ലെന്നും ലാൻസെറ്റ് മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രണ്ട് ഘട്ടങ്ങളിലായി 42 ദിവസം നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിലാണ് പഠന റിപ്പോർട്ട് പുറത്തുവരുന്നത്. വാക്സിനുകളുടെ ഫലപ്രാപ്തിയും ദീർഘകാല സുരക്ഷയും ഉറപ്പുവരുത്തുന്നതിന് കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു.

റഷ്യൻ പ്രതിരോധമന്ത്രാലയവുമായി ചേർന്ന് ഗമേലയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയാണ് 'സ്പുട്നിക്-അഞ്ച്' വാക്സിൻ വികസിപ്പിച്ചത്. 'സ്പുട്നിക്-അഞ്ച്' കൊവിഡ് വാക്സിന്റെ ആഭ്യന്തര ഉപയോഗത്തിനായി കഴിഞ്ഞ മാസം റഷ്യ അനുമതി നൽകിയിരുന്നു.അതേസമയം വാക്സിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ചില ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നുണ്ട്.‌ മതിയായ വിവരങ്ങളുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിൻ കുത്തിവയ്ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.