ദുബായ്: ചെന്നൈ സൂപ്പർകിംഗ്സിന് തിരിച്ചടിയായി സുരേഷ് റെയ്നയ്ക്ക് പിന്നാലെ ഹർഭജൻ സിംഗും ഇത്തവണത്തെ ഐ.പി.എല്ലിൽ നിന്ന് പിന്മാറി.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർഭജന്റെ പിന്മാറ്റം. ചെന്നൈ ടീമിലെ താരങ്ങൾക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഹർഭജൻ ഐ.പി.എല്ലിൽ കളിച്ചേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ചെന്നൈയിൽ നടന്ന ക്യാമ്പിൽ പങ്കെടുക്കാതിരുന്ന ഹർഭജൻ പിന്നീട് ടീം ദുബായിലേക്ക് പോയപ്പോഴും ഒപ്പമുണ്ടായിരുന്നില്ല.പലതവണ യാത്ര മാറ്റിവച്ച ഹർഭജൻ ഒടുവിൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയതായി ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിൽ എല്ലാവരും നെഗറ്റീവായതിനെ തുടർന്ന് സൂപ്പർ കിംഗ്സ് പരിശീലനം തുടങ്ങിയിട്ടുണ്ട്. നേരത്തേ കൊവിഡ് പൊസിറ്റീവായിരുന്ന ദീപക് ചഹറും റിതുരാജ് ഗെയ്ക്ക്‌വാദും ഇന്നലെ നെറ്ര്‌സിൽ പരിശീലനം തുടങ്ങി. ഇവർക്കൊപ്പം പതിനൊന്ന് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും നെഗറ്റീവായത് ചെന്നൈ ക്യാമ്പിന് നൽകുന്ന ആശ്വാസം ചില്ലറയല്ല. അതേസമയം നേരത്തേ സുരേഷ് റെയ്നയും ഇപ്പോൾ ഹർഭജനും പിന്മാറിയത് ടീമിന് വലിയ തലവേദനയായിരിക്കുകയാണ്. കൊവിഡിൽ നിന്ന് മുക്തനായ റിതുരാജിനെ റെയ്നയ്ക്ക് പകരം ടോപ് ഓർഡറിൽ ഇറക്കുമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. പത്തൊമ്പതിന് സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബയ് ഇന്ത്യൻസുമാണ് ഏറ്രുമുട്ടുന്നത്.