messi

സൂപ്പർതാരം ലയണൽ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തുടരും. 2021 വരെ ക്ലബിൽ തുടരുമെന്നും നിയമപോരാട്ടം ഒഴിവാക്കാനാണ് ക്ലബിൽ തുടരുന്നതെന്നും മെസി പറഞ്ഞു. കരാർ വ്യവസ്ഥയുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിനോട് തർക്കിക്കാൻ താൽപര്യമില്ലാത്തതിനാൽ മനസില്ലാമനസോടെയാണ് താരം ക്ലബിൽ തുടരാൻ തീരുമാനിച്ചത്. ക്ലബ് വിടാൻ അനുവദിക്കണമെന്ന ആവശ്യം മാനേജ്മെന്റ് സമ്മതിച്ചില്ലെന്നും മെസി പറഞ്ഞു.ക്ലബിനെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.


"ഞാൻ സന്തുഷ്‌ടനല്ല, ഞാൻ ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നു. ഒരു നിയമയുദ്ധത്തിലേക്ക് പോകാൻ താൽപര്യമില്ല. ക്ലബ് വിടാൻ അവർ എന്നെ അനുവദിക്കുന്നില്ല. ബർതെമ്യൂ നയിക്കുന്ന ക്ലബ് എല്ലാ അർത്ഥത്തിലും പൂർണപരാജയമാണ്. ഞാൻ ബാഴ്‌സയെ സ്‌നേഹിക്കുന്നു. ബാഴ്‌സയേക്കാൾ മികച്ച സ്ഥലം എനിക്ക് ലഭിക്കില്ല. ക്ലബുമായി ഒരു യുദ്ധത്തിലേർപ്പെടാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ ഇവിടെ തുടരാൻ നിർബന്ധിതനാകുന്നത്. പുതിയ താരങ്ങളെയാണ് ബാഴ്‌സയ്‌ക്ക് ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സമയം പൂർത്തിയായെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സീസൺ കഴിയുമ്പോഴും നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് സ്വയം തീരുമാനിക്കാം എന്നാണ് ബർതെമ്യൂ എന്നോട് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ അദ്ദേഹം ആ വാക്ക് ലംഘിച്ചു,” മെസി അഭിമുഖത്തിൽ പറഞ്ഞു.

മെസിയുടെ വൈകാരികമായ തുറന്നു പറച്ചിൽ കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് മെസി ബാഴ്‌സലോണയിൽ തുടരുമെന്നാ വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.