മുംബയ്: മയക്കുമരുന്ന് കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ എന്നിവരെ നർക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഒടുവിൽ രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസം അറസ്റ്റിലായ ലഹരിക്കടത്തുകാരായ അബ്ദുൾ ബാസിത് പരിഹർ, സെയ്ദ് വിലാത്ര എന്നിവർ ഷോവികിന് മയക്കുമരുന്ന് കൈമാറിയിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്നലെ റിയയുടെയും മിറാൻഡയുടെയും വീടുകളിൽ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു.
ലഹരി ഇടപാടിൽ ഷോവിക്കിന്റെയും മിറാൻഡയുടെയും പങ്കിനെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് നർക്കോട്ടിക്സ് വിഭാഗത്തെ പ്രശംസിച്ച് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കൃതി ട്വീറ്റിട്ടു. സുശാന്തിനൊപ്പം റിയയും ഷോവിക്കും മിറാൻഡയും ഒരുമിച്ചിരുന്ന് കഞ്ചാവ് സിഗരറ്റ് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷോവിക്കിന് പല മയക്കുമരുന്ന് കച്ചവടക്കാരുമായി ബന്ധമുണ്ടായിരുന്നതായും ഇവർ റിയയിലൂടെ സുശാന്തിന് മയക്കുമരുന്നുകൾ എത്തിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഷോവിക്കിന്റെ സാന്നിദ്ധ്യത്തിൽ ഗോവയിലെ ഹോട്ടലുടമ ഉൾപ്പെടെയുള്ള ചില മയക്കുമരുന്ന് കച്ചവടക്കാരെ നർക്കോട്ടിക്സ് ചോദ്യം ചെയ്തിരുന്നു.റിയയും സഹോദരനും ചേർന്ന് സുശാന്തിന്റെ പണത്തിൽ ബിസിനസ് നടത്തിയെന്നും നടന്റെ അക്കൗണ്ടിൽ നിന്ന് ഭീമമായ തുക പിൻവലിച്ചിരുന്നെന്നും സുശാന്തിന്റെ അച്ഛൻ കെ.കെ. സിംഗ് നൽകിയ പരാതിയിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം എൻഫോഴ്സ്മെന്റ് തുടരുകയാണ്.
മുംബയ് പൊലീസ് എന്തോ മറയ്ക്കുന്നു
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ മുംബയ് പൊലീസ് പ്രധാനപ്പെട്ട എന്തോ കാര്യം മറയ്ക്കുകയാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമി ആരോപിച്ചു. ഒരു ചാനൽ അഭിമുഖത്തിലാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.
'എന്തോ മറയ്ക്കാൻ ഉള്ളതുകൊണ്ടാണ് മുംബയ് പൊലീസ് അന്വേഷണത്തിൽ അസ്വസ്ഥരാകുന്നത്. ബോളിവുഡിലെ മറ്റ് കൊലപാതകങ്ങൾ പോലെ ഇതും കടന്നുപോകുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ, ജനങ്ങൾ അത് ഏറ്റെടുത്തതോടെ എല്ലാം തെറ്റി. ബോളിവുഡിലെ ജംഗിൾരാജിനെതിരെ എന്തെങ്കിലും ചെയ്യുമോയെന്നറിയില്ല. സുശാന്തിന്റെ മരണം ദേശീയ ശ്രദ്ധ നേടിയതാണ് അവരെ കുഴപ്പിച്ചത്.'- സ്വാമി പറഞ്ഞു. സുശാന്തിന്റെ മരണത്തിൽ കള്ളക്കടത്തുകാരുടെ പങ്കിനെക്കുറിച്ച് ആദ്യം ട്വീറ്റിട്ടത് സ്വാമിയായിരുന്നു