crime

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബര്‍ത്തിയും സുശാന്തിന്റെ മുൻ മാനേജർ സാമുവല്‍ മിറാന്‍ഡയും അറസ്റ്റിൽ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയെന്ന വിവരത്തെ തുടർന്ന് അറസ്റ്റിലായവർ‌ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രാവിലെ 6.40ന് റിയ ചക്രബര്‍ത്തിയുടെയും ഏഴേകാലോടെ സാമുവല്‍ മിറാന്‍ഡയുടെയും വീടുകളിൽ എത്തിയ നാര്‍കോട്ടിക്സ് സംഘം പരിശോധന ആരംഭിച്ചു. റെയ്‍ഡിൽ മിറാന്‍ഡയുടെ ഫോണും ലാപ്‍ടോപ്പും ഷോവിക്കിന്‍റെ മൊബൈല്‍ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു. ഷോവിക് വഴി മിറാന്‍ഡ സുശാന്തിനു ലഹരി എത്തിച്ച് നല്‍കിയെന്നാണ് ആരോപണം.

ലഹരിമരുന്ന് കേസിൽ സുശാന്തിന്റെ കാമുകി റിയയ്ക്ക് പങ്കുളളതായി പറയപ്പെടുന്നെങ്കിലും നടിയെ അറസ്റ്റ് ചെയ്തിട്ടില്ല. റിയയുടെ വാട്‍സാപ് ചാറ്റുകളിലൂടെയാണ് കേസിൽ ലഹരിമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നത്. കൂടുതൽ തെളിവ് ലഭിക്കുന്നതോടെ റിയയ്ക്കെതിരെ നടപടിയെടുക്കാനാണ് സാദ്ധ്യത.