ദുബായ്: അൻപത്തിയഞ്ച് വയസ് പിന്നിട്ടവർക്ക് റിട്ടയര്‍മെന്റ് വിസ പ്രഖ്യാപിച്ച് യു.എ.ഇ. 'റിട്ടയര്‍മെന്റ് ഇന്‍ ദുബായ്' എന്ന പേരിലാണ് അഞ്ച് വര്‍ഷത്തേക്ക് ഈ വിസ അനുവദിക്കുക. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായ് ടൂറിസം വകുപ്പും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സും ചേര്‍ന്നാണ് ഇങ്ങനെയൊരു പുതിയ വിസാ പദ്ധതി ആരംഭിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നോ പെന്‍ഷനായോ പ്രതിമാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ ഉണ്ടാവണമെന്നാണ് വിസ സബന്ധിച്ചുള്ള നിബന്ധന. അല്ലെങ്കില്‍ ദുബായില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാവണം.
അപേക്ഷകർക്ക് ആരോഗ്യ ഇന്‍ഷുറന്‍സും നിർബന്ധമാണ്. ഇൻഷുറൻസ് ഇല്ലെങ്കിൽ അപേക്ഷ അയയ്ക്കുന്നതിന് മുൻപ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണം. വിസ അപേക്ഷ നിരസിച്ചാല്‍ 30 ദിവസത്തിനകം ഇന്‍ഷുറന്‍സിനായി മുടക്കിയ തുക തിരികെ നല്‍കുന്നതായിരിക്കും. വിസ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈനായി തന്നെ പുതുക്കാനുള്ള സൗകര്യവുമുണ്ട്. http://www.retireindubai.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.