ak203

ന്യൂഡല്‍ഹി: അതിർത്തിയിൽ ഇന്ത്യ-ചെെന സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആയുധ ശേഷിയിൽ വൻവർദ്ധനവുവരുത്താനൊരുങ്ങി ഇന്ത്യ. ഒരു ലക്ഷത്തോളം അത്യാധുനിക എകെ-203 റൈഫിള്‍ ഇന്ത്യയ്ക്ക് കെെമാറാൻ റഷ്യയുമായി കരാര്‍ ഒപ്പിട്ടു. 7.7 ലക്ഷം എകെ-203 റൈഫിളുകളാണ് ഇന്ത്യൻ സൈന്യത്തിന് ആവശ്യമായിട്ടുള്ളത്. ബാക്കി ഇന്ത്യയിൽ തന്നെ നിർമിക്കാനും കരാറിൽ ധാരണയായി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ റഷ്യൻ സന്ദർശന വേളയിലാണ് എകെ 47 റൈഫിളുകളുടെ ആധുനിക പതിപ്പായ എകെ-203 റൈഫിള്‍ സംബന്ധിച്ച കരാറിൽ ഇന്ത്യ ഒപ്പിട്ടത്.

ഇപ്പോൾ ഇന്ത്യൻ സൈന്യം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്‌മോള്‍ ആംസ് സിസ്റ്റത്തിലെ (ഐ.എന്‍.എസ്.എ.എസ്) 5.56×45 എംഎം റൈഫിളുകൾക്ക് പകരമായിരിക്കും എകെ-203 റൈഫിള്‍ ഉപയോഗിക്കുക. ഒരു മിനിറ്റിനുള്ളിൽ 600 വെടിയുണ്ടകൾ പായിക്കാനുള്ള കഴിവാണ് അത്യാധുനിക റൈഫിളുകളായ എകെ-203 ഉളളത്. മേക്ക്‌ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് റൈഫിളുകൾ തദ്ദേശീയമായി നിർമിക്കുന്നത്. യുപിയിലെ അമേഠിയിൽ 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കോര്‍വ ഓര്‍ഡനന്‍സ് ഫാക്ടറിയിൽ നിന്നാകും എകെ-203 റൈഫിളുകൾ പുറത്തിറക്കുക.

ലോകത്ത് നിലവിലുളള റൈഫിളുകളിൽ മാരക ആക്രമണായുധമായി വിലയിരുത്തപ്പെടുന്ന ഒന്നാണ് അത്യാധുനിക എകെ-203 റൈഫിള്‍. ഓരോ റൈഫിളിനും 1100 ഡോളറാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്നിക്കിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.