food-poisoning

ഭക്ഷ്യവിഷബാധ മാരകവും മരണത്തിന് പോലും ഇടയാക്കുന്നതുമാണ്. പഴകിയ ഭക്ഷണം മാത്രമല്ല, പാകം ചെയ്യുന്നതിലെ അപാകതകളും ഭക്ഷ്യവിഷബാധയുണ്ടാക്കും. പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ. പാചകം ചെയ്യും മുമ്പ് കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക.

പാക്കറ്റുകളിൽ അരിഞ്ഞു കിട്ടുന്ന ഇലകറികൾ, പച്ചക്കറികൾ എന്നിവ വീണ്ടും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ നന്നായി കഴുകുക. തീയതി കഴിഞ്ഞവ നിർബന്ധമായും ഒഴിവാക്കുക. തീയതിക്ക് മുൻപ് കേടായവ ഉപയോഗിക്കരുത്. മാംസാഹാരം ഉയർന്ന ചൂടിൽ നന്നായി പാകം ചെയ്യുക.

പകുതി വേവിച്ച മാംസാഹാരം ഭക്ഷ്യവിഷബാധയ്‌ക്കും അണുബാധയ്‌ക്കും ഇടയാക്കും. സംസ്‌കരിച്ചെടുത്ത് പായ്‌ക്കറ്റുകളിലെത്തുന്ന മാംസക്കഷണങ്ങൾ മുറിക്കുന്നതിന് മുൻപ് കത്തിയും ചോപ്പിംഗ് ബോർഡും ചൂടുവെള്ളത്തിൽ കഴുകുക. കഴിവതും ഇവ മുറിയ്‌ക്കാൻ പ്രത്യേകം കത്തിയും ബോർഡും സൂക്ഷിക്കുക. പാകപ്പെടുത്തിയ ഭക്ഷണം സുരക്ഷിത താപനിലയിൽ സൂക്ഷിക്കുക.