kangana-ranaut

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ പരസ്യമായി വെല്ലുവിളിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. മുംബയിലേക്ക് തിരിച്ചുവരരുതെന്ന് കങ്കണയോട് ആവശ്യപ്പെട്ട ശിവസേന നേതാവിനെ താൻ മുംബയിൽ എത്തുന്ന ദിവസം അറിയിച്ചാണ് നടിയുടെ വെല്ലുവിളി. ഈ മാസം ഒമ്പതാം തിയതി താന്‍ മുംബയിലെത്തുമെന്നും ധൈര്യമുണ്ടെങ്കില്‍ തടയാനുമാണ് കങ്കണ സഞ്ജയ് റാവത്തിനെ വെല്ലുവിളിച്ചത്. തന്റെ ട്വീറ്റിലൂടെയാണ് കങ്കണയുടെ വെല്ലുവിളി.

'മുംബയിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നുണ്ട്, അതുകൊണ്ട് വരുന്ന സെപ്റ്റംബര്‍ 9ന് ഞാന്‍ മുംബയിലേക്ക് വരാൻ തീരുമാനിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂ', എന്നാണ് കങ്കണ തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

മുംബയ് പൊലീസിനെതിരെ കങ്കണ നടത്തിയ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. മുംബയ് നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിയെന്ന നടിയുടെ പരാമർശവും പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാവ് സഞ്ജയ് കങ്കണയ്ക്കെതിരെ രംഗത്ത്‌‌വന്നത്. മുംബയ് പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി മുംബയിലേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കങ്കണ സഞ്ജയ് റാവത്തിനെ പരസ്യമായി വെല്ലുവിളി ഉയർത്തിയത്.