ബംഗളൂരു: മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീങ്ങിയേക്കും.
ഇന്നലെ രാവിലെ ആറിന് രാഗിണിയുടെ യെലഹങ്കയിലെ വീട്ടിൽ നടന്ന റെയ്ഡിന് ശേഷമാണ് അന്വേഷണ സംഘം രാഗിണിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സി.സി.ബി ആസ്ഥാനത്തെത്തിച്ച് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണിയുടേത്.
അതേസമയം, പ്രതി മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിയായ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.