ബംഗളൂരു: നടി രാഗിണി ദ്വിവേദിക്കു പിന്നാലെ ബംഗളൂരുവിലെ ലഹരിമരുന്ന് പാർട്ടികളുടെ മുഖ്യ സംഘാടകനായ വിരേൻ ഖന്നയും അറസ്റ്റിലായി. ഡൽഹിയിൽ അറസ്റ്റിലായ വിരേൻ ഖന്ന അന്യനാട്ടിൽ താമസിക്കുന്ന ബംഗളൂരുകാർക്കായി ക്ലബ് രൂപീകരിച്ച് അതിന്റെ മറവിലാണ് ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നത്. ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. നിർണായകമായ പല രഹസ്യങ്ങളും ഇയാളിൽ നിന്ന് ലഭിച്ചതയാണ് സൂചന.
ഇതോടെ കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായതായി ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. നടി രാഗിണിക്കും വിരേൻ ഖന്നയ്ക്കും പുറമെ നടിയുടെ അടുത്ത സുഹൃത്തും ജയനഗർ ആർ.ടി ഓഫിസ് ക്ലർക്കുമായ കെ.രവിശങ്കർ, നടി സഞ്ജന ഗൽറാണിയുടെ അടുത്ത സുഹൃത്ത് രാഹുൽ ഷെട്ടി എന്നിവരെയുമാണ് അറസ്‌റ്റ് ചെയ്തത്. സഞ്ജന ഗൽറാണിയെ വൈകാതെ ചോദ്യം ചെയ്യും.
അതേസമയം ലഹരിക്കടത്ത് കേസിൽ കണ്ണൂർ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്തു വന്നു. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തു വന്നത്. കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് അനിഖയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്റെ പേരുളളത്. കേസിൽ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ ജംറീനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് ബ്യൂറോ 159 പേരെ ചോദ്യം ചെയ്യാൻ ലിസ്റ്റ് തയ്യാറാക്കി. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും ടെക്കികളും വ്യവസായികളും ഉൾപ്പെടുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യത തെളിയുകയാണെന്നാണ് വിവരം. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്. മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.