hemaja-teacher

കണ്ണൂർ :പതിനൊന്ന് വർഷം മുൻപ് ഇതേ ഒരു അദ്ധ്യാപക ദിനത്തിലായിരുന്നു സ്വന്തം ഭർത്താവിന്റെ കൊലക്കത്തി ഹേമജ ടീച്ചറുടെ കഴുത്തിൽ തുളഞ്ഞുകയറിയത്.അന്ന് മുതൽ ഇങ്ങോട്ടുള്ള അദ്ധ്യാപക ദിനങ്ങൾ ഉറ്റവർക്ക് ടീച്ചറെ കുറിച്ചുള്ള ഓർമ്മ മാത്രമാണ്.ബന്ധുക്കൾക്കും സുഹൃത്തുകൾക്കും വിദ്യാർത്ഥികൾക്കും പ്രിയങ്കരിയായിരുന്ന ഹേമജയെ ഇല്ലാതാക്കിയവർ ഇപ്പോഴും നിയമത്തിന് പിടികൊടുക്കാതെ എവിടയോ ആണ്.

കൊലയാളിയായ ഭർത്താവ് ഡിങ്കൻ ശശിയെന്ന ശശീന്ദ്രൻ എവിടെയെന്ന് പോലും ആർക്കും അറിയില്ല.വിദേശത്ത് കടന്നെന്നും നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നും തുടങ്ങിയ പല അഭ്യൂഹങ്ങൾ പൊലീസിനെയും കുഴപ്പിക്കുകയാണ്.ലോക്കറിൽ വെക്കാൻ ഏൽപ്പിച്ച സഹോദരിയുടെ സ്വർണ്ണാഭരണങ്ങൾ ഹേമജ തിരിച്ച് ചോദിച്ചതും തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളുമാണ് ടീച്ചറെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ശശീന്ദ്രനെ പ്രേരിപ്പിച്ചത്.പന്നേൻപാറയിലുള്ള തറവാട്ട് വീട്ടിൽ സംഭവത്തിന്റെ തലേ ദിവസം തന്നെ ശശീന്ദ്രൻ ഹേമജയെ അടക്കം ചെയ്യാനുള്ള കുഴി കുഴിച്ച് കാത്തിരുന്നു.എന്നാൽ തന്റെ തിരക്കഥ പാതിവഴിയിൽ പാളിയതോടെ ഇരുട്ടിന്റെ മറവിൽ എങ്ങോ കടന്നു കളയുകയായിരുന്നു.

സംഭവം ഇങ്ങനെ

2009 സെപ്തംബർ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ അരും കൊല നടന്നത്.അ‌ർദ്ധരാത്രിയിൽ സുഖമില്ലെന്ന് നടിച്ച് ആശുപത്രിയിലേക്കെന്ന വ്യാജേന ഹേമജയെയും കൂട്ടി പുറപ്പെട്ട ഭർത്താവ് ശശീന്ദ്രൻ വഴിയിൽ വച്ച് സുഹൃത്തായ ടി.എൻ.ശശിയുടെ സഹായത്തോടെയാണ് ഹേമജയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നത്.കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്ത് ശശി സംഭവത്തിനിടയിൽ ഭയന്ന് ഓടിയതാണ് ശശീന്ദ്രന്റെ കണക്കുകൂട്ടുകളെല്ലാം തെറ്റിച്ചത്. ശശി വാനിൽ നിന്നും ഭയന്ന് ഓടിയതോടെ ശശീന്ദ്രൻ ഒമ്നി വാനും മൃതദേഹവും ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.താഴെ ചൊവ്വയ്ക്ക് സമീപം ഉരുവച്ചാലിൽ മാരുതി ഒമ്നി വാനിന്റെ മുൻസീറ്റിൽ കഴുത്തറുത്ത നിലയിലാണ് ഹേമജയുടെ മൃതദേഹം പിറ്റേന്ന് പുലർച്ചെ നാട്ടുകാർ കണ്ടത്.ദിവസങ്ങൾക്കുള്ളിൽ ശശിയെ പൊലീസ് പിടികൂടിയെങ്കിലും ശശീന്ദ്രനെ കുറിച്ച് യാതൊരു വിവരവുമില്ല.

എങ്ങുമെത്താതെ അന്വേഷണം

കൊലപാതകത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹേമജയുടെ അച്ഛൻ അമ്പാടി ചന്ദ്രശേഖരൻ സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുബൈ, ബംഗാൾ, ഗോവ തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽ അന്വേഷണ സംഘം ശശീന്ദ്രനെ തേടിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഡിങ്കൻ ശശീന്ദ്രൻ ഇപ്പോഴും സമർത്ഥമായി ഒളിവിൽ കഴിയുന്നുണ്ടെന്ന സൂചനകളുണ്ട്.കോസിന്റെ ചുമതലയുളള ജില്ലാ പൊലീസ് മേധാവികൾ സ്ഥലം മാറുന്നതിനനുസരിച്ച് കേസന്വേഷണവും പല വഴിക്കായി.നിലിവൽ കണ്ണൂർ ഡിവൈ.എസ്.പി പി.പി.സദാനന്ദന് ആണ് അന്വേഷണ ചുമതല.

പ്രതിയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.കേസ് ഇപ്പോഴും അന്വേഷണത്തിലാണ്.

പി.പി .സദാനന്ദൻ, ഡിവൈ.എസ്.പി, കണ്ണൂർ ടൗൺ