ആലപ്പുഴ: കുട്ടനാട് സീറ്റിൽ തങ്ങളുടെ സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും സീറ്റ് വിട്ടു കൊടുക്കില്ലെന്നും വ്യക്തമാക്കി പി.ജെ ജോസഫ്. കുട്ടനാട് സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. പാർട്ടി ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ല. വിധി കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
എൻ.സി.പി നേതൃത്വം ആവശ്യപ്പെട്ടാൽ കുട്ടനാട്ടിൽ മത്സരിക്കാൻ തയ്യാറാണെന്നാണ് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. സി.പി.എമ്മിന്റെ പൂർണപിന്തുണ തനിക്കുണ്ട്. കുടുംബത്തിന്റെ താത്പര്യം നേരത്തെതന്നെ എൻ.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.
കേരള കോൺഗ്രസിലെ തർക്കം പുതിയ തലത്തിലെത്തിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടത് യു.ഡി.എഫിൽ പ്രശ്‌നപരിഹാരം കൂടുതൽ സങ്കീർണമാക്കും. മുന്നണിയിലേക്ക് മടങ്ങിവരുന്ന സാഹചര്യമുണ്ടായാൽ ജോസ് വിഭാഗവും കുട്ടനാടിനായി അവകാശവാദം ഉന്നയിക്കും.