remya-haridas

തിരുവനന്തപുരം: ഇരട്ടകൊലപതാകം നടന്ന വെഞ്ഞാറമൂട്ടിൽ രമ്യാ ഹരിദാസ് എം.പിക്കെതിരെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശേരി പെരുന്നയിലേക്ക് പോവുകയായിരുന്ന എം.പിയുടെ കാറിന് നേരെ വെഞ്ഞാറമൂട് ജംഗ്ഷനിൽ ധർണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ചാടി വീഴുകയായിരുന്നു. എം.പിക്ക് നേരെ കരിങ്കൊടി കാണിച്ച പ്രവർത്തകർ കാറിന്റെ ബോണറ്റിലടക്കം അടിക്കുകയും വൈപ്പറിൽ കരിങ്കൊടി കെട്ടുകയും ചെയ്‌തു.

തനിക്ക് നേരെ എസ്.എഫ്.ഐക്കാർ വധഭീഷണി മുഴക്കിയെന്ന് രമ്യാഹരിദാസ് എം.പി പറഞ്ഞു. 'ഒരു കോൺഗ്രസുകാരും ഈ വഴി പോകണ്ട, കൊല്ലും. നിന്നെയുെ കൊല്ലും' എന്ന് പ്രതിഷേധക്കാർ പറഞ്ഞതായി എം.പി പറയുന്നു. സ്ത്രീകളോട് പറയാൻ പാടില്ലാത്ത ഭാഷയിലാണ് തന്നോട് സംസാരിച്ചത്. വഴിയാത്രക്കാരും ജംഗ്ഷ‌നിൽ നിന്നവരുമെല്ലാം ഇത് കണ്ട് നിൽക്കുകയായിരുന്നു. വളരെ വിഷമമുണ്ടെന്നും രമ്യാ ഹരിദാസ് പറഞ്ഞു. കാറിൽ കരിങ്കൊടി കെട്ടിയ എസ്.എഫ്.ഐ പ്രവർത്തകനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.