covid-india

ന്യൂഡൽഹി: രാജ്യത്ത് അനുദിനം വർദ്ധിച്ച് വരുന്ന കൊവിഡ് കേസുകൾ 2021ലും തുടർന്നേക്കുമെന്ന് സൂചന നൽകി എയിംസ് ഡയറക്‌ടർ ഡോ.രൺദീപ് ഗുലേരിയ. അടുത്ത വർഷം ആദ്യ കുറച്ച് നാളുകളിൽ കൂടി രോഗം രാജ്യത്ത് നിലനിൽക്കാനാണ് സാധ്യതയെന്ന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക കൊവിഡ് സംഘത്തിലെ അംഗമായ ഡോ.രൺദീപ് ഗുലേരിയ അഭിപ്രായപ്പെട്ടു. കേസുകൾ താഴും മുൻപ് വരും മാസങ്ങളിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാൻ ഇടയുണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്ത വർഷം ആദ്യം രോഗം ഇന്ത്യയിൽ അവസാനിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഡോ.രൺദീപ്.

നിലവിൽ രാജ്യത്തെ ഓരോ ചെറിയ ടൗണുകളിലും ഗ്രാമങ്ങളിലും വരെ രോഗം എത്തിയിരിക്കുകയാണ്. ഇതാണ് രോഗബാധിതരുടെ എണ്ണം വളരെ കൂടാൻ കാരണം. രാജ്യത്തെ ജനസംഖ്യ അനുസരിച്ച് വരുംമാസങ്ങളിൽ ഇനിയും കൂടും. വലിയ എണ്ണമായിരിക്കും വരും മാസങ്ങളിൽ ആകെ രോഗികളുടെ എണ്ണം ഉണ്ടാകുക. എന്നാൽ പത്ത് ലക്ഷം പേരിൽ ആകെ രോഗികളുടെ എണ്ണമെടുത്താൽ ഇന്ത്യയിൽ അത് വളരെ കുറവായിരിക്കുന്നതായി കാണാം.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സമയത്ത് അതീവ ജാഗ്രത പുലർത്തിയ പലരും ഇപ്പോൾ അതിനോടുള‌ള ഗൗരവം നഷ്‌ടപ്പെടുത്തി. സാധാരണ ജലദോഷ പനി പോലെ മാത്രമേ കൊവിഡിനെ കണക്കാക്കുന്നുള‌ളു.ഡൽഹിയിൽ പോലും ചിലർ മാസ്‌കുകളൊന്നും ധരിക്കുന്നില്ല. കൂട്ടംകൂടുകയും ട്രാഫിക് ജാമുണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം ഡൽഹി പോലുള‌ള നഗരങ്ങളിൽ കൊവിഡിന്റെ രണ്ടാംഘട്ട വരവാണ് ഇപ്പോൾ കാണുന്നത്. രോഗികളുടെ എണ്ണം കൂടാൻ കാരണമായി മ‌റ്റൊരു കാരണമുള‌ളത് രോഗ പരിശോധനയിൽ വന്ന കൂടുതലാണ്. സീറോ സർവേയിൽ ഡൽഹിയിലെ 70 ശതമാനം ജനങ്ങളും കൊവിഡ് രോഗബാധയുണ്ടാകാവുന്ന സ്ഥിതിയിലാണെന്നാണ് കാണുന്നതെന്നും ഡോ.രൺദീപ് ഗുലേരിയ പറഞ്ഞു.

കൊവിഡ് വാക്‌സിൻ കണ്ടെത്താനുള‌ള പരീക്ഷണങ്ങൾ ലോകത്താകെ നടക്കുന്നതിനെ കുറിച്ചും ഡോ.രൺദീപ് ഗുലേരിയ സൂചിപ്പിച്ചു റഷ്യ കണ്ടെത്തിയ സ്‌പുട്നിക് വാക്‌സിൻ പോലും വളരെ കുറച്ച് പേരിൽ മാത്രമേ പരീക്ഷിച്ചിട്ടുള‌ളു. വലിയ അളവിൽ പരീക്ഷണങ്ങൾക്ക് ശേഷമേ വാക്‌സിൻ വിജയകരമെന്ന് പറയാനാകൂ. ഈ വർഷം അവസാനത്തോടെ ഫലപ്രദമായ വാക്‌സിൻ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാലും ആഗോളതലത്തിൽ വാക്‌സിനേഷന് വീണ്ടും സമയമെടുക്കുമെന്നും അദ്ദേഹം പറയുന്നു.

നിലവിൽ മതിയായ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും സാമൂഹികമായ ഒത്തുചേരലുകൾക്ക് പ‌റ്റിയ സമയമല്ല ഇതെന്നും ഡോ. രൺദീപ് ഗുലേരിയ അഭിപ്രായപ്പെട്ടു. രോഗം വന്ന് മാറിയവർക്ക് പോലും വീണ്ടും രോഗം വരുന്ന സമയമാണിത്. എന്നാൽ ഇത് ലോകമാകെ അത്ര പ്രശ്‌നമായി വരുമെന്ന് കരുതാനാകില്ല. ഒരിക്കൽ രോഗം വന്നയാൾക്ക് മൂന്ന് മുതൽ ആറ് മാസം വരെ അതിനെതിരായ ആന്റിബോഡി ശരീരത്തിലുണ്ടാകും. രോഗം മാറിയവരിൽ 9 മുതൽ ഒരു വർഷത്തിനിടെ ഉണ്ടാകുന്ന പരിണാമം പഠനവിധേയമാക്കേണ്ടതുണ്ട്. അദ്ദേഹം സൂചിപ്പിക്കുന്നു.

രോഗലക്ഷണമില്ലാതെ രോഗം ബാധിച്ചവരിൽ ചിലരുടെ ശ്വാസകോശങ്ങളിൽ പാടുകളുണ്ടാകാനും അവ പിന്നീടെപ്പോഴെങ്കിലും വടുക്കളായി മാറാനും സാധ്യതയുണ്ട്. ഇത് അപകടകരമാണ്. ഇതിനെതിരെ ജാഗ്രത വേണമെന്നുള‌ളതിനാലാണ് രോഗലക്ഷണമില്ലാത്ത രോഗബാധിതർ ശ്രദ്ധിക്കേണം എന്ന് ജാഗ്രത നിർദ്ദേശം നൽകുന്നതെന്നും ഡോ.രൺദീപ് ഗുലേരിയ അഭിപ്രായപ്പെട്ടു.