കൊല്ലം: ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ചവറ നിയോജക മണ്ഡലത്തിൽ ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഡി.സി.സി അദ്ധ്യക്ഷ ബിന്ദുകൃഷ്ണ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവർ അറിയിച്ചു. ചവറയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യു.ഡി.എഫ് പ്രവർത്തനം തുടങ്ങിയിരുന്നു. വൻഭൂരിപക്ഷത്തിൽ തന്നെ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കും. മണ്ഡലത്തിൽ യു.ഡി.എഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോൺ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും നിൽക്കുന്ന നേതാവാണ്. വിജയം ഇവിടെ സുനിശ്ചിതമാണ്. പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് എല്ലാവർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്നാണ് യു.ഡി.എഫിന് പറയാനുള്ളതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കും എന്നറിഞ്ഞതിന് തൊട്ടുപിന്നാലെ ചവറയിൽ ഷിബു ബേബി ജോണിനായി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് സമൂഹ മാദ്ധ്യമങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണാകും യു ഡി എഫ് സ്ഥാനാർഥിയെന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ തവണ സി.എം.പിക്ക് നൽകിയ സീറ്റിൽ ഇത്തവണ സി.പി.എം സ്ഥാനാർത്ഥിയാകും മത്സരിക്കുക. ചവറ നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർ.എസ്.പിക്കാരനല്ലാത്ത ഒരാൾ കഴിഞ്ഞ തവണ വിജയിച്ചത്. ഇടതു മുന്നണി സി.എം.പിക്ക് നൽകിയ സീറ്റിൽ സ്വതന്ത്രനായി മത്സരിച്ച വിജയൻപ്പിള്ള ഷിബു ബേബി ജോണിനെ തോൽപ്പിക്കുകയായിരുന്നു.