kaumudy-news-headlines

1. കൊവിഡ് വ്യാപനത്തിടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ ഐ.എം.എ രംഗത്ത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഐ.എം.എ വൈസ് പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹിന്റെ പ്രതികരണം. കൊവിഡ് 19 കേരളത്തില്‍ വീണ്ടും വ്യാപകമായി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യത്തില്‍ ഇലക്ഷനുകള്‍ മാറ്റിവെക്കണം. തല്‍ക്കാലം അദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ് കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷം മാത്രം ആലോചിക്കുന്നത് ആണ് ഉചിതം. അത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം നിയമസഭാ ഇലക്ഷന് നടത്താന്‍ കഴിയും. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ കൊവിഡ് 19 ഒരു പരിധി വരെയെങ്കിലും നിയന്ത്രണ വിധേയമാകും.


2. ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് 19 രണ്ടാം വ്യാപനം ഉണ്ടായി എന്നുള്ളത് വസ്തുതയാണ്. അവിടെയെല്ലാം അടിസ്ഥാന പൊതു ജനാരോഗ്യ തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്തിരുന്നു. അത് ഇവിടെയും നമുക്ക് ആവര്‍ത്തിക്കാന്‍ പാടില്ല. മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷ പോലല്ല മാസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. അതു കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നൊരാവശ്യം രേഖാമൂലം ഐ.എം.എ സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു. ചവറ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴും ഇതേ നിലപാട് തന്നെയാണ് ഐ.എം.എ സ്വീകരിച്ചത്.
3. കുട്ടനാട് സീറ്റില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി ആരാണെന്നു പാര്‍ട്ടിയില്‍ തീരുമാനം തീരുമാനമായിട്ടുണ്ടെന്ന് പാര്‍ട്ടി ആക്ടിംഗ് പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍. അന്തരിച്ച എം.എല്‍.എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ്.കെ.തോമസിനെ സ്ഥാനാര്‍ത്ഥിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ല. എല്‍.ഡി.എഫില്‍ ധാരണയായതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തൂ. സ്വര്‍ണക്കടത്ത് അടക്കമുള്ള സര്‍ക്കാരിന് എതിരായ ആരോപണം തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കില്ല എന്നും ടി.പി പീതാംബരന്‍ പറഞ്ഞു. കുട്ടനാട്ടില്‍ തോമസ് ചാണ്ടി എം.എല്‍.എയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥി ആകും എന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത്
4. അതിനിടെ, കുട്ടനാട്ടില്‍ യു.ഡി.എഫിനായി പി.ജെ.ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് പി.ജെ ജോസഫ് . ഇതു സംബന്ധിച്ച് മുന്നണിയില്‍ ധാരണ ആയതാണെന്നും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരെ അപ്പില്‍ നല്‍കുമെന്നും പി. ജെ ജോസഫ് വ്യക്തമാക്കി. കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് ആണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും എം.എല്‍.എയുമായ റോഷി അഗസ്റ്റിന്‍. പാര്‍ട്ടിയും പാര്‍ട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേത് ആണ്. പി ജെ ജോസഫ് യഥാര്‍ഥ്യം മനസിലാക്കി സംസാരിക്കണം എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു
5. സര്‍ക്കാര്‍ വകുപ്പുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ പാര്‍ട്ടി അനുകൂല സര്‍വീസ് സംഘടനയിലെ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കെ.പി.സി.സി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ സര്‍വീസ് സംഘടനകളുടെ സേവനം പാര്‍ട്ടിക്ക് നിര്‍ണായകം ആണ് എന്ന് മുല്ലപ്പള്ളി ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുല്ലപ്പള്ളി സര്‍ക്കാരിന് എതിരായ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായവും ആവശ്യപ്പെട്ടത്.
6. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തില്‍ ആണ് സര്‍ക്കാരിന് എതിരായ നീക്കങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് സഹായം അഭ്യര്‍ഥിച്ചത്. ക്രമവിരുദ്ധമല്ലാത്ത വഴികളിലൂടെ രേഖകള്‍ ലദ്യമാക്കാന്‍ ആണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസം 19 ന് നടന്ന യോഗത്തിന്റെ മിനുട്സില്‍ കെ പി സി സി അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം എ കെ ജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത സി പി എം നടപടി വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ സഹായം തേടി കോണ്‍ഗ്രസും യോഗം വിളിച്ചത്
7. ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസി ബാര്‍സലോനയില്‍ 2021വരെ തുടരും. കരാര്‍ കാലാവധി പൂര്‍ത്തിയാക്കും. 2021 ജൂണ്‍ വരെയാണ് ബാര്‍സിലോനയും ആയുളള കരാര്‍. അതേസമയം, ബാര്‍സ മാനേജ്‌മെന്റിനെതിരെ മെസി വിമര്‍ശനം ഉന്നയിച്ചു. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമു പരാജയമെന്ന് താരം കുറ്റപ്പെടുത്തി. ക്ലബ് വിടാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ക്ലബ് അധികൃതര്‍ തടസമായി. നിയമപരമായ തര്‍ക്കം ഒഴിവാക്കാനാണ് തുടരുന്നതെന്നും മെസി വ്യക്തമാക്കി. കരാര്‍ കാലാവധി തീരുന്ന 2021 വരെ മെസ്സി ബാര്‍സയില്‍ തുടരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് യെസ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മെസ്സിയുമായി 2 വര്‍ഷത്തെ കരാര്‍ ഒപ്പിടാന്‍ ബാര്‍സ തയാറെടുക്കുന്നത് ആയും താരം 90 ശതമാനവും ബാര്‍സയില്‍ തന്നെ തുടരുമെന്നും അര്‍ജന്റീന ടി.വി ചാനലായ ടിവൈസി സ്‌പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു
8. മെസി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയേക്കും എന്ന് കനത്ത അഭ്യൂഹങ്ങള്‍ നില നിന്നിരുന്നു. മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഹെ മെസ്സിയുമായി ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബര്‍തമ്യൂ നടത്തിയ ചര്‍ച്ചയില്‍ ടീമില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം ആയതായി യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടീമുമായുള്ള പടലപ്പിണക്കങ്ങള്‍ വരും സീസണുകളില്‍ മെസിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം