അലാസ്‌ക: കാണാപാഠം പഠിച്ചും അല്ലാതെയുമൊക്കെ പരീക്ഷയെഴുതാം. എന്നാൽ, അലാസ്കയിലെ കെച്ചിക്കാൻ പ്രദേശത്തെ സ്‌കോൻബാർ സ്കൂളിലെ സയൻസ് പരീക്ഷ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കാണാപാഠം പഠിച്ചതുകൊണ്ടെന്നും ഒരു കാര്യവുമില്ല. ധൈര്യമുണ്ടോ, അതാണ് ഈ പരീക്ഷയ്ക്ക് മുഖ്യം. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പരീക്ഷ. രണ്ടു ദിവസം സ്കൂൾ പ്രദേശത്തിന് ചുറ്റുമുള്ള ആൾ താമസമില്ലാതെ ദ്വീപുകളിൽ പരസഹായമില്ലാതെ ജീവിക്കുക എന്നതാണ് പ്രധാന പരീക്ഷ. ഭക്ഷണവും, വെള്ളവും, താമസിക്കാനുള്ള കുടിലും എല്ലാം സ്വന്തമായി സജ്ജമാക്കണം. എട്ടാം ക്ളാസ് പ്രായത്തിൽ ഇതെല്ലാം സജ്ജമാക്കുക എന്നതാണ് കുട്ടികൾ നേരിടുന്ന വലിയ വെല്ലുവിളി.
45 വർഷമായി പരീക്ഷ നടക്കുന്നുണ്ട്. ദ്വീപിൽ പോകുമ്പോൾ, പതിമൂന്നും പതിനാലും വയസുള്ള കുട്ടികൾക്ക് കൈയ്യിൽ കരുതാൻ അനുവാദമുള്ള സാധനങ്ങളും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. 15 അടി നീളമുള്ള പ്ലാസ്റ്റിക് ഷീറ്റ്, ഒരു സ്ലീപ്പിംഗ് ബാഗ്, വസ്ത്രങ്ങൾ, ചെറിയ ഒരു ടിൻ പാത്രത്തിൽ കൊള്ളുന്ന അരി, കത്തി, തീപ്പെട്ടി എന്നിവയാണ് അനുവദനീയമായ വസ്തുക്കൾ. മേയ് മാസത്തിലാണ് പരീക്ഷ. രണ്ട് പകലും രണ്ട് രാത്രിയും വിജനമായ കാട്ടിൽ കുട്ടികളെ താമസിക്കാൻ വിടുന്നത് വെറുതെയല്ല. പ്രകൃതിയെ അടുത്തറിയാനും അതിജീവിക്കാനുമുള്ള കഴിവ് കുട്ടികളിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സ്‌കൂളിലെ മുൻ അദ്ധ്യാപകനായ സ്റ്റീഫൻ കിന്നിയാണ് ഈ ആശയം 45 വർഷങ്ങൾക്ക് മുൻപ് അവതരിപ്പിച്ചത്. കുട്ടികൾ ആസ്വദിച്ച് പഠിക്കുകയും, പഠനം അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുകയാണ് ഈ പരീക്ഷയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കിന്നി പറയുന്നത്. കിന്നി 1965 ലാണ് ശാസ്ത്രം പഠിപ്പിക്കാനായി കെച്ചിക്കാനിലേക്ക് താമസം മാറിയത്. ഒരു കുടിൽ എങ്ങനെ നിർമ്മിക്കണം, തീപ്പെട്ടിയില്ലാതെ തീ എങ്ങനെ ഉണ്ടാക്കാം എന്നിങ്ങനെയുള്ള അടിസ്ഥാന അതിജീവന മാർഗങ്ങൾ അന്ന് അവിടത്തെ സ്‌കൂൾ കുട്ടികൾക്ക് അറിയില്ലായിരുന്നു. 1973-ൽ, അദ്ധ്യാപകനായ ഡോൺ നാപ്പിനൊപ്പം കിന്നി അന്നത്തെ എട്ടാം ക്ലാസുകാരെ ആൾ താമസമില്ലാതെ സെറ്റ്ലേഴ്‌സ് കോവിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് ഈ പരീക്ഷയുടെ ആരംഭം.