തിരിച്ചടിയായി ലോക്ക്ഡൗൺ: തേയില ഉത്‌പാദനം 21.5% ഇടിഞ്ഞു
കൊച്ചി: കൊവിഡും ലോക്ക്ഡൗണും പ്രതികൂല കാലാവസ്ഥയും ഇന്ത്യയിലെ തേയില ഉത്‌പാദനത്തിന് കനത്ത തിരിച്ചടിയാകുന്നു. 2020ൽ ജൂലായ് വരെയുള്ള ഉത്‌പാദന നഷ്‌ടം 2019ലെ സമാനകാലയളവിനെ അപേക്ഷിച്ച് 21.55 ശതമാനമാണ്. ജൂലായിൽ മാത്രം 8.64 ശതമാനം കുറഞ്ഞുവെന്നാണ് ടീ ബോർഡിന്റെ കണക്ക്. 2019 ജൂലായേക്കാൾ 15.22 ദശലക്ഷം കിലോഗ്രാം കുറവ്.
509.27 ദശലക്ഷം കിലോഗ്രാമാണ് 2020 ജനുവരി-ജൂലായിൽ ഉത്‌പാദനം. 2019 ജനുവരി-ജൂലായിൽ ഇത് 649.19 ദശലക്ഷം കിലോഗ്രാം ആയിരുന്നു. 139.92 ദശലക്ഷം കിലോഗ്രാമിന്റെ കുറവ് ഈവർഷമുണ്ടായി.
ശീതകാലത്തെ തുടർന്ന് അടച്ച ഉത്തരേന്ത്യൻ തോട്ടങ്ങൾ ഫെബ്രുവരിക്ക് ശേഷം തുറന്നെങ്കിലും തുടർന്നെത്തിയ കൊവിഡ് തിരിച്ചടിയായി. ഇതോടെ, ഉത്തരേന്ത്യയിലെ മാത്രം ഉത്‌പാദനം 526.99 ദശലക്ഷം കിലോഗ്രാമിൽ നിന്ന് 390.53 ദശലക്ഷം കിലോഗ്രാമിലേക്ക് ഇടിഞ്ഞു. ഈവർഷത്തെ മൊത്തം ഇടിവിൽ 136.44 ദശലക്ഷം കിലോഗ്രാമും ഉത്തരേന്ത്യയിലാണ്. 29.92 ശതമാനം ഇടിവുമായി അസാമാണ് മുന്നിൽ.
തളരാതെ
ദക്ഷിണേന്ത്യ
കൊവിഡ് തിരിച്ചടിയായെങ്കിലും വലിയ തളർച്ച ദക്ഷിണേന്ത്യൻ തോട്ടങ്ങളിലുണ്ടായില്ല. 122.20 ദശലക്ഷം കിലോഗ്രാമായിരുന്നു 2019 ജനുവരി-ജൂലായ് ഉത്‌പാദനം. ഇക്കുറിയത് നേരിയ ഇടിവോടെ 118.74 ദശലക്ഷം കിലോഗ്രാമിലെത്തി. തമിഴ്‌നാട് 6.07 ശതമാനം നഷ്‌ടം കുറിച്ചു.
നേട്ടവുമായി കേരളം
കേരളത്തിൽ ഈവർഷം ജനുവരി -ജൂലായിൽ ഉത്‌പാദനം 3.80 ശതമാനം ഉയർന്നു. 33.65 ദശലക്ഷം കിലോഗ്രാമിൽ നിന്ന് 34.93 ദശലക്ഷം കിലോഗ്രാമിലേക്കാണ് വളർച്ച.