benny-behanan-pinarayi-vi

കൊച്ചി: സംസ്ഥാന സർക്കാരും സി.പി.എമ്മും വൻ പ്രതിസന്ധിയിലായിരിക്കുന്ന സമയമാണിതെന്നും സർക്കാരിനെതിരെ ആഴത്തിലുള്ള അഴിമതി ആരോപണങ്ങളാണ് ഉയർന്നു വരുന്നതെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. സി.പി.എം ജീർണാവസ്ഥയിലാണ്. രാജ്യസുരക്ഷാ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വരെ എൻ.ഐ.എ അന്വേഷണം നടക്കുന്നു. നാല് ദേശീയ ഏജൻസികളാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണം സംസ്ഥാന സർക്കാർ അന്വേഷിക്കണം. കള്ളക്കടത്ത് മാഫിയയിൽപ്പെട്ട അനൂപുമായി ബന്ധമുണ്ടെന്ന് ബിനീഷ് തന്നെയാണ് പറഞ്ഞത്. പാർട്ടി സെക്രട്ടറിയെ ഭയമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിക്കാത്തത്. മുഖ്യമന്തി കസേര പോകുമെന്ന് പിണറായിക്ക് പേടിയുണ്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

ഈ മാസം ഒമ്പതിനു മുമ്പ് മുന്നണി യോ​ഗം ചേർന്ന് കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണയ ചർച്ച നടത്തും. ഉപതിരഞ്ഞെടുപ്പ് നേരിടാൻ യു.ഡി.എഫ് സജ്ജമാണ്. മുന്നണിക്ക് ഒരു സ്ഥാനാർത്ഥിയെ ഉണ്ടാകൂ. ജോസ് കെ മാണിയുമായി ചർച്ച നടത്തുന്ന കാര്യം അടുത്ത യു.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.