മണിയറയിലെ അശോകൻ എന്ന സിനിമ കണ്ടവർ ആരും തെങ്ങിൻ തൈ പ്രൊപ്പോസൽ സീൻ മറക്കാൻ ഇടയില്ല. ഒപ്പം ശാലീന സുന്ദരിയായ റാണി ടീച്ചറെയും. റാണി ടീച്ചറെ കാണുമ്പോൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന സ്ക്കൂൾ ടീച്ചർമാരെ ഓർമ്മ വരാം. അവിടെയാണ് റാണി ടീച്ചറുടെ കഥാപാത്രത്തെ ഇത്രയും ഭംഗിയോടെയും പക്വതയോടെയും പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച നയന എൽസ അഭിനന്ദനത്തിന് അർഹയാകുന്നത്.
ട്രോളുകളിലൂടെയും മീമുകളിലൂടെയും പ്രേക്ഷകർ റാണി ടീച്ചറെയും നയനയെയും ഏറ്റെടുത്ത് കഴിഞ്ഞു. ജൂൺ സിനിമയിലൂടെയാണ് നയന സിനിമാലോകത്തേക്ക് എത്തുന്നത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ ഓണം റിലീസായി എത്തിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ റാണിടീച്ചറായാണ് നയന സിനിമാപ്രേമികളുടെ കൈയ്യടി നേടിയത്. കരിയറില്‍ ആദ്യത്തെ പക്വതയുള്ള കഥാപാത്രം ചെയ്തതിന്റെയും അത് പ്രേക്ഷകർ ഏറ്റെടുത്തതിന്റെയും ത്രില്ലിലാണ് നയന.
റാണി ടീച്ചർ അസിസ്റ്റന്റ് ഡയറക്ടർ ആയപ്പോൾ
ആദ്യം അനുപമയാണ് അസിസ്റ്റന്റായി മാറിയത്.പിന്നാലെ ഞാനും. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നില്ല. സംവിധായകന്‍ അസിസ്റ്റന്റ് ആകുന്നോ എന്ന് വെറുതെ ചോദിച്ചിരുന്നു. അങ്ങനെ ഈ സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി, പക്ഷെ അസിസ്റ്റന്റ് എന്നുള്ളത് ഇത്ര കട്ടിപണിയാണെന്ന് മനസ്സിലായി. സിനിമയില്‍ മുഴുനീളവേഷമായതിനാല്‍ തന്നെ അഭിനയിക്കാനുമുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കിട്ടുമ്പോഴുള്ള എക്‌സ്പീരിയന്‍സ് മാത്രമാണ് ആര്‍ട്ടിസ്റ്റിന് കിട്ടുന്നത്. ക്യാമറയ്ക്ക് പിന്നില്‍ ഒരുപാട് ജോലികള്‍ ഉണ്ട്.
തിയേറ്റര്‍ റിലീസ് നടക്കാത്തതിന്റെ വിഷമം
ഷൂട്ട് ചെയ്യുമ്പോ തിയേറ്റര്‍ റിലീസായിരുന്നു പ്ലാനിട്ടത്. ആദ്യ റിലീസ് വലിയൊരു ആഘോഷം ആണല്ലോ, മാത്രമല്ല എല്ലാവരുടെയും ഒപ്പം ബിഗ് സ്ക്രീനിൽ നമ്മുടെ പെർഫോമെൻസ് കാണുക. അതൊക്കെ ഒരു രസം ആണ്. അത് നഷ്ടപ്പെട്ടതിന്റെ വിഷമമുണ്ട്.പക്ഷേ ഒടിടി റിലീസിന് നല്ല പ്രതികരണങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്.
കുഞ്ഞിയിൽ നിന്ന് റാണി ടീച്ചറിലേക്ക്...
ജൂണ്‍ കണ്ട ശേഷമാണ് അശോകനിലേക്ക് കോള്‍ വന്നത്. കുഞ്ഞി നാടന്‍ കഥാപാത്രത്തിന്റെ വേറൊരു പതിപ്പായിരുന്നു. കുഞ്ഞി കുട്ടിയാണ്. 15-16 വയസ് മുതല്‍ 24 വയസ്സു വരെയുള്ള കുഞ്ഞിയുടെ കാലമായിരുന്നു ജൂണില്‍. ഒരുപാട് സംസാരിക്കുന്ന എപ്പോഴും ചിരിക്കുന്ന കുട്ടി. കുഞ്ഞിയുടെ ലുക്കിന് വേണ്ടി എന്നും മുടി കേൾ ചെയ്യുമായിരുന്നു. റാണി ടീച്ചറിന്റെ നേരെ ഓപ്പോസിറ്റ് ലുക്കാണ്.നീണ്ട മുടി, മേക്കപ്പ് ഇല്ലാത്ത ത്രെഡിംഗ് പോലും ചെയ്യാത്ത നാടൻ പെൺകുട്ടി. ഡയറക്ടർ ഒരു ദിവസം രാവിലെ വിളിച്ചു. എഴുന്നേറ്റ് അമ്മയുടെയോ അമ്മൂമ്മയുടെയോ പഴയ സാരി ഉടുത്ത് മുഖം പോലും കഴുകാതെ ഫോട്ടോ അയക്കാൻ പറഞ്ഞു. റാണി ടീച്ചർ അത്രയ്ക്ക് സിമ്പിളാണ്.
ജൂണിലെ കഥാപാത്രത്തിന് മൂന്ന് ഗെറ്റപ്പുകളായിരുന്നു. അതിനായി ആദ്യത്തെ ഗെറ്റപ്പിന് കുറച്ച് മെലിഞ്ഞിരുന്നു, പിന്നെ കല്യാണം സീനിനായി കുറച്ച് വണ്ണം വെച്ചു, ക്ലൈമാക്‌സില്‍ പ്രെഗ്‌നന്റായിട്ടുള്ള ലുക്കായിരുന്നു. ആ മാറ്റത്തിന് വേണ്ടിയും നന്നായി ശരീരഭാരം കൂട്ടിയിട്ടുണ്ടായിരുന്നു. റാണിടീച്ചറിനായി കുറച്ച് വണ്ണം കൂട്ടിയിരുന്നു. നാടന്‍ ഗെറ്റപ്പ് കിട്ടാന്‍ വേണ്ടി.
ലോക്ക് ഡൗണിൽ സിനിമയെ അടുത്ത് അറിഞ്ഞു
ലോക്ക് ഡൗണ്‍ സമയത്താണ് കുറെ സിനിമകള്‍ കാണാന്‍ തുടങ്ങിയത്. ദിവസം ഒരു നാലഞ്ച് സിനിമകളൊക്കെ വെച്ച് കാണാന്‍ തുടങ്ങി. ചെമ്മീന്‍ വരെ ഇരുന്ന് കണ്ടു. മോട്ടിവേഷണല്‍ ബുക്കുകള്‍ വായിക്കാനാരംഭിച്ചു. വര്‍ക്കൌട്ടൌക്കെ ചെയ്ത് തുടങ്ങി. രാവിലെ എഴുന്നേറ്റ് ജോഗ്ഗിംഗ് തുടങ്ങി.
തെങ്ങിൻതൈ പ്രൊപ്പോസല്‍
സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ തന്നെ ആ സീൻ ഓർത്ത് വളരെ എക്‌സൈറ്റഡായിരുന്നു, വെറൈറ്റിയാണല്ലോ.ഇതിന് മുമ്പ് ഇത് പോലെയെന്നും കേട്ടിട്ടില്ലല്ലോ. അത് എങ്ങനെ ചെയ്യണമെന്നൊക്കെ ഒരുപാട് ആലോചിച്ചിട്ടുണ്ട്. സീൻ അടുത്തപ്പോൾ വലിയ ടെന്‍ഷനായിരുന്നു. ആ സീന്‍ നന്നാക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ട് അത് നന്നായി വന്നു. ഒരുപാട് പേർ വിളിക്കുകയും മെസ്സേജ് അയയ്ക്കുകയും ചെയ്തു. ടീച്ചറിന്റെ ലുക്കും എല്ലാവര്‍ക്കും ഇഷ്ടമായി.
ഞാനും മറ്റൊരു കുഞ്ഞി
കുഞ്ഞിയുടെ സ്വഭാവമാണ് എനിക്കും.എപ്പോഴും ചിരിക്കുന്ന ഒരുപാട് സംസാരിക്കുന്ന ആളാണ്. കംഫർട്ടബിളായ വേഷങ്ങളാണ് ധരിക്കാൻ ഇഷ്ടം. കൂടുതലും മോഡേൺ വേഷങ്ങളാണ് പ്രിയം. ഗൃഹലക്ഷ്മിയുടെ ഫേസ് ഓഫ് കേരള വഴിയാണ് ഈ ഫീൽഡിൽ എത്തിയത്. ടൈറ്റിൽ കിട്ടാത്തതിൽ വിഷമമായിരുന്നു. എന്നാൽ ഇങ്ങനെ ഒരു അവസരത്തിന് മുമ്പുള്ള ഒരു വിഷമമായിട്ടാണ് ഇപ്പോൾ തോന്നുന്നത്.
വരാനിരിക്കുന്ന സിനിമകള്‍
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'ഋ' എന്ന സിനിമയാണ് ജൂണിന് ശേഷം ഉടന്‍ ചെയ്ത സിനിമ. അത് തിയറ്റർ റീലീസ് ആയിരിക്കും. ഫെബ്രുവരിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. 'കളിയാട്ടം' എന്ന സിനിമയുടെ റീക്രിയേഷന്‍ വരുന്നുണ്ട്. ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ 'കുറുപ്പി'ല്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്, 'കാണ്മാനില്ല' എന്ന ഒരു ക്രൈം ത്രില്ലറില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. അത് ഒടിടി റിലീസായിരിക്കും.