vithu

അമ്മയുടെ മടിയിൽ ഗൗരവത്തിലിരുന്ന് സദ്യയുണ്ണുന്ന ഈ കുട്ടിയെ ഇന്ന് മലയാളികൾ അറിയും. മലയാളികളുടെ പ്രിയപ്പെട്ട ഗായകരിൽ ഒരാളായി മാറിയ വിധുപ്രതാപിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിധുവിന്റെ ഭാര്യയും നർത്തകിയുമായ ദീപ്തിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സംഗീതസം‌വിധായകൻ ദേവരാജൻ മാഷിന്റെ ശിഷ്യനായ വിധു ‘പാദമുദ്ര’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. എന്നാൽ ‘ദേവദാസി’ (1999) എന്ന ചിത്രത്തിലെ ‘പൊൻ വസന്തം’ എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ‘ശുക്‌രിയ’ എന്ന ഗാനം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ വിധു പ്രതാപ് ആലപിച്ചിട്ടുണ്ട്. 2008 ഓഗസ്റ്റ് 20നായിരുന്നു വിധുവും ദീപ്തിയും തമ്മിലുള്ള വിവാഹം. പാട്ട് പാടി മലയാളികളുടെ പ്രിയങ്കരനായ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. ഇടയ്ക്കിടെ ഇരുവരും ടിക്ക്‌ടോക്ക് വീഡിയോയുമായി എത്തി കാഴ്ചക്കാരെ ഏറെ ചിരിപ്പിക്കാറുമുണ്ട്. ലോക്ക് ഡൗൺ കാലം എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കാം എന്നതിനെ കുറിച്ചുള്ള വിധുവിന്റെയും ദീപ്തിയുടെയും വീഡിയോയും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.