sex-racket

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ സമസ്തമേഖലകളും നിശ്ചലമായിരിക്കെ പൊലീസിനെ കൂസാതെ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ വീണ്ടും സജീവമായി. പൊലീസ് സേന അപ്പാടെ കൊവിഡ് ഡ്യൂട്ടിയിൽ വ്യാപൃതരായിരിക്കുന്നത് മുതലെടുത്താണ് മലയാളികളും മറുനാട്ടുകാരുമായ സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും ഉൾപ്പെടെ സൈറ്റുകളിൽ പ്രദർശിപ്പിച്ച് വാണിഭം കൊഴുപ്പിക്കുന്നത്.

ചുംബന സമരനായകനും ഭാര്യയായ ബിക്കിനി മോഡലും ഓൺലൈൻ പെൺവാണിഭത്തിൽ കുടുങ്ങാനിടയായ വെബ് സൈറ്റാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായത്. എസ് കോർട്ട് സർവീസെന്ന പേരിൽ സ്ത്രീകളുടെ പേരിൽ ഫോൺ നമ്പരുകൾ പ്രദർശിപ്പിച്ചാണ് പെൺവാണിഭ സംഘം സജീവമായത്. ഫോൺ നമ്പരുകളിൽ ബന്ധപ്പെടുന്ന ആവശ്യക്കാ‌ർക്ക് അവരുടെ ഡിമാൻഡിന് അനുസരിച്ചുള്ള പ്രായക്കാരുടെ അർദ്ധനഗ്നമായ ഫോട്ടോകളും വീഡിയോകളും ഷെയർചെയ്യും. ഇഷ്ടപ്പെടുന്നവരുടെ ഹോട്ടൽ റൂം വാടകയുൾപ്പെടെയുള്ള റേറ്റും വാട്ട്സ് ആപ് സന്ദേശമായി പറന്നെത്തും.ടിപ്പും ഭക്ഷണവും കൂടാതെയുള്ള പണമിടപാടുകളും തികച്ചും ഡിജിറ്റലാണ്. ഗൂഗിൾ പേയോ ഓൺലൈൻ ഇടപാടിലൂടെയോ മാത്രമാണ് പണമിടപാട്. അ‌ഡ്വാൻസ് തുക കൈമാറി ബുക്ക് ചെയ്താൽ മാത്രമേ സമയവും സ്ഥലവും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറൂ.

ഇടപാട് ഹോട്ടലുകളിൽ

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തൊഴിൽ മേഖലകളും ബിസനസുകളും നിശ്ചലമായതിനാൽ അടഞ്ഞുകിടക്കുന്ന ഹോട്ടൽമുറികളും ഫ്ളാറ്രുകളും കേന്ദ്രീകരിച്ചാണ് ഇടപാട്. ഹോട്ടൽ മുറിയുടെ വാടക ഉൾപ്പെടെ മണിക്കൂറിന് രണ്ടായിരം മുതൽ ഒരു ദിവസത്തേക്ക് കാൽലക്ഷം വരെ ഈടാക്കുന്ന സംഘങ്ങളാണ് ഇപ്പോഴുള്ളത്. ലൊക്കാന്റോ, എസ്കോർട്ട് ട്രിവാൻഡ്രം, ലുക്ക് ഔട്ട് , ലുക്ക് ഔട്ട് ഗേൾസ് , 'ഹാപ്പി ', 'ഹാപ്പി എൻഡിംഗ്സ് ' എന്നീ പേരുകളിൽ ഒറ്റനോട്ടത്തിൽ അശ്ലീല സൈറ്റുകളാണെന്ന് ആർക്കും തോന്നാത്ത വിധത്തിലാണ് പുതിയ ഓൺലൈൻ വാണിഭ സംഘങ്ങളുടെ ഇടപാട്. സമാന കുറ്റകൃത്യങ്ങളിൽ പലതവണ പിടിക്കപ്പെട്ട കുപ്രസിദ്ധരായ ചിലരാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് വിവരം.

ചില താരങ്ങളുടെ മുഖചിത്രവും ചേർത്തിട്ടുണ്ട്. മല്ലു മൂവി ആക്ട്രസ് അവയ്ലബിളെന്ന കുറിപ്പോടെയാണ് ഫോട്ടോകൾ അപ് ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ ചുംബന സമരനായകനും ഭാര്യയായ ബിക്കിനി മോഡലുമുൾപ്പെട്ട സംഘം തലസ്ഥാനത്ത് പിടിക്കപ്പെട്ടതോടെയാണ് നഗരത്തിലെ ഓൺലൈൻ പെൺവാണിഭ സംഘങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. വരാപ്പുഴ പെൺവാണിഭക്കേസിൽ പ്രതിയായ അച്ചായനെന്ന ജോഷി ജോസഫും മകൻ ജോയ്സ് ജോസഫുമുൾപ്പെടെ നിരവധിപേർ ഇതിനുശേഷം ഓൺലൈൻ പെൺവാണിഭവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ വലയിലായിരുന്നു. ഇതോടെ പത്തിമടക്കിയ കുപ്രസിദ്ധ പെൺവാണിഭ സംഘങ്ങൾ തെല്ലൊരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതിന്റെ സൂചനയാണ് അശ്ലീല സൈറ്റിലെ പരസ്യങ്ങൾ. 'കൊച്ചുസുന്ദരികൾ' എന്ന സൈറ്റിനെതിരെ പൊലീസ് നടപടിയെടുക്കുകയും കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുകയും ചെയ്തെങ്കിലും അതുകൊണ്ടൊന്നും ഫലമില്ലെന്നതിന്റെ തെളിവാണ് വീണ്ടും രംഗപ്രവേശം ചെയ്ത വാണിഭ സൈറ്റുകൾ.

പ്രൊഫഷണൽ സ്റ്റൈൽ സേവനം

ഹോട്ടൽ മുറികളിലും താമസ സ്ഥലത്തുമെന്നുവേണ്ട ആവശ്യപ്പെട്ടാൽ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണൽ സ്റ്റൈൽ സേവനത്തിന് തയ്യാറാണെന്നും പുതുതായി ഉദയം ചെയ്ത ചില സൈറ്റുകൾ വെളിപ്പെടുത്തുന്നു. സിനിമാ താരങ്ങളുടെയും മറുനാടൻ യുവതികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ച് അതിനു താഴെ അശ്ലീല കമന്റുകൾ പോസ്റ്റു ചെയ്താണ് ഇവയുടെ പ്രവർത്തനം. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പോസ്റ്റുകളാണ് ഇവയ്ക്ക് അടിക്കുറിപ്പായും കമന്റുകളായും വരുന്നത്. മൊബൈൽ ഫോൺ, വാട്ട്സ് ആപ്പ് എന്നിവയിലൂടെയാണ് ഇടപാടുകളിലേറെയും നടക്കുന്നത്.

ലൊക്കാന്റോ, എസ്കോർട്ട് ട്രിവാൻഡ്രം തുടങ്ങിയ സൈറ്റുകളിലൂടെയായിരുന്നു മുമ്പും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. ചുംബന സമരനായകനും ഭാര്യയും പിടിയിലായതോടെ നിർജീവമായ ഓൺലൈൻ സംഘങ്ങളാണ് ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായത്. ഇത്തരം സൈറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

''

അശ്ലീല സൈറ്റുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സൈറ്റുകൾ നിരീക്ഷണത്തിലാണ്. സൈറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

- ഹർഷിത അട്ടല്ലൂരി, റേഞ്ച് ഐ.ജി, തിരുവനന്തപുരം