ന്യൂഡൽഹി: രാമജന്മഭൂമി കേസിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് അയോദ്ധ്യയിൽ വരുന്ന പള്ളി ബാബറി മസ്ജിദിന്റെ അതേ വലുപ്പത്തിലായിരിക്കുമെന്ന് ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. പള്ളി നിർമ്മാണത്തിനായി ട്രസ്റ്റ് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ ധനിപൂർ ഗ്രാമത്തിലെ അഞ്ച് ഏക്കർ സ്ഥലത്ത് ഒരു ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയും പള്ളിയ്‌ക്കൊപ്പം ഉണ്ടായിരിക്കും. വിരമിച്ച പ്രൊഫസറും പ്രശസ്ത ഭക്ഷ്യവിമർശകനുമായ പുഷ്പേഷ് പന്താണ് മ്യൂസിയത്തിന്റെ കൺസൾട്ടന്റ്.
15,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പള്ളി നിർമ്മിക്കുന്നത്. ബാക്കി ഭൂമിയിലാണ് മ്യൂസിയം ഉൾപ്പടെയുള്ളവ ഒരുങ്ങുക. ക്യൂറേറ്റർ സ്ഥാനം ഏറ്റെടുക്കാമെന്ന് പുഷ്പേഷ് പന്ത് ഇന്നലെയാണ് ട്രസ്റ്റ് അധികൃതർക്ക് സമ്മതം നൽകിയത്. അഞ്ച് ഏക്കർ സ്ഥലത്ത് പള്ളി പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇന്ത്യയുടെ ധാർമ്മികതയും ഇസ്ലാമിന്റെ ചൈതന്യവും ഒരുമിച്ച് കൊണ്ടുവരുന്നതായിരിക്കും കെട്ടിട നിർമ്മാണമെന്ന് ജാമിയ മിലിയ സർവകലാശാലയിലെ ആർകിടെക്‌റ്റ് വിഭാഗം മേധാവി പ്രൊഫസർ എസ്.എം അക്തർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് പള്ളി പണിയുന്നതിനായി ഉത്തർപ്രദേശ് സർക്കാർ അയോദ്ധ്യയിലെ ധനിപൂർ ഗ്രാമത്തിൽ അഞ്ച് ഏക്കർ സ്ഥലം അനുവദിച്ചത്. നീണ്ട നിയമപോരാട്ടത്തെത്തുടർന്ന്, കഴിഞ്ഞ വർഷം നവംബർ 9ന് അയോദ്ധ്യയിലെ തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ സ്ഥലം അനുവദിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകുകയും ചെയ്‌തു.