ഇസ്ലാമബാദ്: അമേരിക്കയിൽ നിന്ന് കുടിയേറി പാകിസ്ഥാനിൽ ചരിത്രം സൃഷ്ടിച്ചവരുടെ പട്ടികയിൽ ഇടംനേടിയവൾ 'സിന്ധ്യ ഡോൺ റിച്ചി". കഴിഞ്ഞ ജൂലായ് മുതൽ പാക് പത്രങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് സിന്ധ്യ. വിസ കാലാവധി നീട്ടി നൽകാതെ സിന്ധ്യയോട് 15 ദിവസത്തിനകം രാജ്യം വിടാൻ നിർദ്ദേശിച്ചിരിക്കുകയാണ് പാക് സർക്കാർ.
ബ്ളോഗർ, കോളമിസ്റ്റ്, ആക്ടിവിസ്റ്റ്, സിനിമാക്കാരി തുടങ്ങി ഒരുപാടു വിശേഷണങ്ങളുള്ള സിന്ധ്യയുടെ യഥാർത്ഥ ഉറവിടം തേടി അലയുകയാണ് പാക് മാദ്ധ്യമങ്ങൾ. അമേരിക്കക്കാരിയായ സിന്ധ്യ പത്തു വർഷം മുൻപാണ് പാകിസ്ഥാനിലെത്തിയത്. അന്ന് ഒരു ആക്ടിവിസ്റ്റെന്ന നിലയിലായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. എന്തുകൊണ്ട് പാകിസ്ഥാനിലെത്തി എന്ന് ഒരു അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ഇവിടത്തെ സാധാരണ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കാൻ എന്നായിരുന്നു അവർ നൽകിയ മറുപടി.
എന്നാൽ, ഇന്നവർ അമേരിക്കൻ ചാരവനിതയാണെന്നാണ് ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനിടെ പാക് മുൻ മന്ത്രി തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് സിന്ധ്യ എത്തിയതോടെയാണ് അവർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ഇന്റീരിയർ മിനിസ്റ്ററായിരുന്ന റഹ്മാൻ മാലിക്കിനെതിരെയാണ് പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരം കേസുകളിൽ മാപ്പു നൽകിയെന്ന് പറഞ്ഞ് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്ക്കെതിരെയും സിന്ധ്യ സംസാരിച്ചിരുന്നു. അതോടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാക്കൾ സിന്ധ്യയ്ക്കെതിരെ തിരിഞ്ഞു. എന്നാൽ പി.പി.പിയിലെ പല നേതാക്കളും അഴിമതിക്കാരാണെന്ന് സിന്ധ്യ ആരോപിച്ചു. ഇതിന്റെ തെളിവുകൾ പുറത്തുവിട്ടതോടെ പാക് രാഷ്ട്രീയം പുകഞ്ഞുതുടങ്ങി.
പാക് രാഷ്ട്രീയത്തിലും ആർമിയിലും സിന്ധ്യയ്ക്ക് വൻ സ്വാധീനമുണ്ട്. അതെങ്ങനെ സാദ്ധ്യമായെന്നാണ് ഇന്റലിജൻസ് വിഭാഗം അന്വേഷിക്കുന്നത്. തന്നെ പത്ര പ്രവർത്തകയെന്ന് വിശേഷിപ്പിച്ച ഫേസ്ബുക്കിനെ തിരുത്തി തുറന്ന കത്തെഴുതിയ ചരിത്രവും സിന്ധ്യയ്ക്കുണ്ട്. പാകിസ്ഥാനിലെ പല അഴിമതി കഥകളിലും സിന്ധ്യയുടെ പേര് ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
44കാരിയായ സിന്ധ്യയുടെ ഐഡന്റിറ്റി സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സിന്ധ്യയെ മൂന്നു ലക്ഷത്തോളം പേർ ഫേസ്ബുക്കിലും മൂന്നര ലക്ഷത്തോളം പേർ ട്വിറ്ററിലും പിന്തുടരുന്നുണ്ട്. പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവന്ന സിന്ധ്യയെ ഡീ പോർട്ട് ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്.