വാഷിംഗ്ടൺ: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ഇടപെടാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-ചെെന അതിർത്തിയിലെ സ്ഥിതിഗതികൾ വളരെ മോശമാണെന്നും, തർക്കത്തിൽ ഇടപെട്ട് സഹായിക്കാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. വെെറ്റ് ഹൗസിലെ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.
അതിർത്തിയിലെ പ്രശ്നങ്ങൾ പുറത്തറിയുന്നതിനേക്കാൾ സങ്കീർണമാണെന്നും ട്രംപ് സൂചിപ്പിച്ചു.
ചൈന ഇന്ത്യയെ സംഘർഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്ക് കാര്യങ്ങൾ പോകാൻ സാദ്ധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അതിർത്തിയിൽ ആവർത്തിക്കുന്ന ചൈനീസ് പ്രകോപനത്തിൽ നിലപാട് കടുപ്പിച്ച ഇന്ത്യയെ ചൈന നേരിട്ട് ചർച്ചയ്ക്ക് ക്ഷണിച്ചതോടെ റഷ്യയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
മേയിൽ വടക്കൻ ലഡാക് അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന നിർണായക ചർച്ചയാണിത്. നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും തമ്മിൽ ഫോണിൽ ചർച്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പിൽ ചൈന ഇടപെടുന്നു
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൈകടത്താൻ ശ്രമിക്കുന്നവരിൽ ചൈനയ്ക്ക് നിർണായക റോളുണ്ടെന്ന് യു.എസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ റോബർട്ട് ഒബ്രയാൻ ആരോപിച്ചു.
'ചില പ്രൊപ്പഗാൻഡകൾ രാജ്യത്ത് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കാനായി ചിലർ ശ്രമിക്കുന്നുണ്ട്. ചൈനയ്ക്കാണിതിന് പ്രധാന റോൾ. എന്നാൽ റഷ്യ, ഇറാൻ എന്നിവരുടെ ഇടപെടലും അവഗണിക്കാവുന്നതല്ല.'- വൈറ്റ്ഹൗസ് പോഡിയത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്തരം പ്രവർത്തികൾ അസാധാരണമായ അനന്തരഫലങ്ങളുണ്ടാക്കുമെന്നും ഒബ്രിയാൻ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന്റെ പവിത്രത നിലനിറുത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഒബ്രിയാൻ ചൂണ്ടിക്കാട്ടി.