hair-style

ബെ‌ർലിൻ: ആരെയും ആകർഷിക്കും വിധം മുടി ഭംഗിയായി കൊണ്ടു നടക്കുക എന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. അതിനായി, വിവിധ തരത്തിലുള്ള ഹെയർസ്റ്റൈലുകൾ സ്ത്രീകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ, ജർമ്മൻ സ്വദേശിയായ മിലെന എന്ന 17കാരിയ്ക്ക് ഹെയർസ്റ്റൈലിംഗ് ഒരു വികാരമാണ്. നൂറിലധികം വ്യത്യസ്തമായ ഹെയർസ്റ്റൈലുകളുടെ ഫോട്ടോകൾ മിലെന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ആറാം വയസ് മുതൽ മിലെനയ്ക്ക് തുടങ്ങിയ കമ്പമാണിത്. നീല, പച്ച, മഞ്ഞ, ചുവപ്പ് അങ്ങനെ വിവിധ നിറങ്ങളിലും ഡിസൈനുകളിലുമാണ് മിലെന മുടിയൊരുക്കുന്നത്. മുടിയിഴകൾ മെടയുന്നതുപോലും അതീവ സുന്ദരമായാണ്.

'മുടിയൊരുക്കാൻ തുടങ്ങുമ്പോൾ എന്റെ മനസിലെ ദുഃഖമെല്ലാം പമ്പ കടക്കും. മുമ്പൊക്കെ ഇതിനായി സമയം കണ്ടെത്തുക പ്രശ്നമായിരുന്നെങ്കിലും ഇപ്പോൾ എന്റെ സമയത്തിൽ പകുതിയും മുടിയൊരുക്കാനായി മാറ്റിവയ്ക്കുന്നു.' - മിലെന പറയുന്നു.

'ഞാൻ ഒരുക്കുന്ന ഹെയർസ്റ്റൈലുകൾ വ്യത്യസ്തവും പ്രത്യേകതകൾ നിറഞ്ഞതുമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഹെയർസ്റ്റൈലുകൾ ഒരുക്കുന്നതാണ് എന്റെ വിജയം' - മിലെന കൂട്ടിച്ചേർത്തു.

മിലെനയുടെ ഹെയർസ്റ്റൈലുകൾക്ക് ഇൻസ്റ്റ​ഗ്രാമിലും ആരാധകരേറെയാണ്. 30,000ത്തിലധികം പേരാണ് മിലെനയെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്.