തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സാംസ്‌കാരിക കൂട്ടായ്‌മകളുടെ കൂടിച്ചേരൽ കേന്ദ്രവും പ്രതിഷേധത്തിന്റെ വേദിയുമായ മാനവീയം വീഥി മുഖം മിനുക്കുന്നു. കഴിഞ്ഞ 17 വർഷമായി മാനവീയം വീഥി സാംസ്കാരിക കൂട്ടായ‌്മകളുടെ കേന്ദ്രമായിരുന്നു. എന്നാൽ, അടുത്തിടെ അവിടെ വാഹന പാർക്കിംഗ് കേന്ദ്രമായി മാറിയിരുന്നു. മാനവീയം വീഥിയുടെ മുഖച്ഛായ തന്നെ മാറ്റി ഈ റോഡിനെ പൂർണമായും 'സാംസ്‌കാരിക ഇടനാഴി' ആക്കാൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ. തിരുവനന്തപുരത്തിന്റെ തനത് സാംസ്‌കാരിക പാരമ്പര്യവും തനിമയും നിലനിറുത്തുകയും അതിലൂടെ സാമ്പത്തിക വരുമാനത്തിൽ വലിയൊരു പങ്ക് വഹിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ലൈബ്രറി, മുലയൂട്ടൽ മുറി, ഫുഡ്കോർട്ട്
സ്‌മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയാണ് മാനവീയം വീഥിയെ പൂർണമായും സാംസ്‌കാരിക ഇടമായി നഗരസഭ മാറ്റുന്നത്. വഴിയോര ലൈബ്രറി, അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനുള്ള മുറി, ഇലക്ട്രോണിക് സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി, ഫുഡ് കിയോസ്‌ക്, സൈക്കിൾ പാർക്കിംഗ് കേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമായി മാനവീയം റോഡിൽ സ്ഥാപിക്കും. ഇതോടൊപ്പം കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ റോഡ് നവീകരിക്കും. റോഡിലുള്ള ബാരിയറുകൾ എല്ലാം നീക്കം ചെയ്യും. വശങ്ങളിൽ ചെടികളും മറ്റും നട്ടുപിടിപ്പിച്ച് സൗന്ദര്യം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
ബൈക്കുകളുടെ മത്സരയോട്ടം പതിവ്
കവടിയാർ - വെള്ളയമ്പലം റോഡിലെ മത്സരയോട്ടത്തിന് പൊലീസ് കടിഞ്ഞാണിട്ടതോടെ ബൈക്ക് റേസിംഗ് സംഘങ്ങൾ മാനവീയം വീഥി സ്ഥിരം കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടത്തെ മത്സരയോട്ടത്തിൽ പ്രായപൂർത്തിയാകാത്തവരും പങ്കെടുക്കുന്നുണ്ട്. വെള്ളയമ്പലം - കവടിയാർ റോഡിൽ നീരീക്ഷണ കാമറകളും മോട്ടോർ വാഹന വകുപ്പിന്റെ സ്‌പീഡ് ഡിറ്റക്ഷൻ കാമറകളും സ്ഥാപിച്ചതുപോലെ മാനവീയം വീഥിയിലും ഇത്തരം കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇതോടൊപ്പം പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ജനങ്ങൾ ഉയർത്തുന്നുണ്ട്.