തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം വഴിത്തിരിവിലേക്ക്. ഇരട്ടക്കൊല നടന്ന സ്ഥലത്ത് 12 പേർ ഉണ്ടായിരുന്നെന്ന സൂചനയാണ് ഇപ്പോൾ പൊലീസ് പങ്കുവയ്‌ക്കുന്നത്. പന്ത്രണ്ട് പേരിൽ പൊലീസിന് തിരിച്ചറിയാൻ സാധിച്ചത് പത്ത് പേരെ മാത്രമാണ്. ബാക്കി രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
വെഞ്ഞാറമൂട് കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ അക്രമം നടന്ന സ്ഥലത്ത് എത്തിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. അപ്പു, ഗോകുൽ, റിയാസ് എന്നിവരാണ് സ്ഥലത്ത് എത്തിയത്. എന്നാൽ ഹഖിനും, മിഥിലാജിനും വെട്ടേറ്റതോടെ മൂവരും ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് വിശദീകരിക്കുന്നു.
ആറുപേർ കൊല്ലപ്പെട്ടവർക്കൊപ്പം ഉണ്ടായിരുന്നവരെന്നും പ്രതികളായ സജീവ്, സനൽ, ഉണ്ണി, അൻസർ എന്നിവർക്ക് പരുക്കുണ്ടെന്നും പൊലീസ് പറയുന്നു. ആക്രമണത്തിൽ 12 പേർ ഉൾപ്പെട്ടതായും അന്വേഷണം വേണമെന്നും നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്റെ ആരോപണം ശരിവച്ച് പൊലീസും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ഒളിവിൽ കഴിഞ്ഞിരുന്ന കേസിലെ രണ്ടാം പ്രതി അൻസറിനെ ബന്ധുവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. എന്നാൽ അൻസർ അക്രമം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ഇതിനോടകം പിടിയിലായ പ്രതികളുടെ മൊഴി. അന്‍സര്‍ സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തിൽ കേസിലെ അൻസറിന്റെ പങ്കിനെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.