മയാമി : യുവാവിന്റെ കൈയ്യിൽ പിടിവിടാതെ കടിച്ചിരിക്കുന്ന ഒരു കുഞ്ഞൻ സ്രാവും, സ്രാവിനെ നിലത്തിടാതെ ഒരു കുഞ്ഞിനെ പോലെ ചേർത്തുപിടിച്ചിരിക്കുന്ന യുവാവിന്റെയും വീഡിയോ വൈറലാകുന്നു. ഫ്ലോറിഡയിലെ ജെൻസൺ ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ബീച്ചിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. ഇതിനിടെ നഴ്സ് ഷാർക് ഇനത്തിലുള്ള പൂർണ വളർച്ചയെത്തിയിട്ടില്ലാത്ത ഒരു കുഞ്ഞ് സ്രാവ് യുവാവിന്റെ കൈയ്യിൽ കടിച്ചു. കുടഞ്ഞെറിഞ്ഞ് അപകടപ്പെടുത്തുന്നതിന് പകരം സ്രാവിനെ ചേർത്തുപിടിച്ച്, മറ്റേ കൈകൊണ്ട് താങ്ങിപ്പിടിച്ച് യുവാവ് കരയിലേക്ക് കയറി വരികയായിരുന്നു. ചിരിച്ചു കൊണ്ട് ശാന്തനായാണ് യുവാവിന്റെ വരവ്. ബീച്ചിലുണ്ടായിരുന്നവരെല്ലാം ഇത് കണ്ട് അത്ഭുതപ്പെട്ടു. കരയിലെത്തിയിട്ടും യുവാവിന്റെ കൈയ്യിൽ നിന്നും സ്രാവ് പിടിവിട്ടിരുന്നില്ല. എന്നിട്ടും യുവാവ് കൂളായിരുന്നു. ബീച്ചിലുള്ളവർ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങളെടുത്ത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ വളരെ പാടുപെട്ടാണ് സ്രാവിനെ കൈയ്യിൽ നിന്നും വേർപ്പെടുത്തിയത്.
യുവാവിന് ബീച്ചിൽ വച്ച് തന്നെ ചികിത്സ നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത്ര ഗുരുതരമായിരുന്നില്ല മുറിവ് എന്ന് അധികൃതർ പറഞ്ഞു. സ്രാവിനെ തിരിച്ചു കടലിലേക്ക് തന്നെ വിട്ടു. വളരെ ആക്രമണകാരികളായ നഴ്സ് ഷാർക്കുകൾ മനുഷ്യനെ ആക്രമിക്കുന്നത് പതിവാണ്. വീഡിയോ വൈറലായതോടെ രക്ഷാപ്രവർത്തനത്തിനിടെയിലും ചിരിച്ചു കൊണ്ട് സ്രാവിനെ ചേർത്തുപിടിച്ചിരുന്ന യുവാവിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. എന്നാൽ യുവാവ് സ്രാവിനെ ശല്യം ചെയ്തിരിക്കാമെന്നും അതുകൊണ്ടാണ് അത് കടിച്ചതെന്നുമാണ് ചിലർ പറയുന്നത്. എന്തൊക്കെയായാലും ആ ജീവിയെ ഉപദ്രവിക്കാതെ സംരക്ഷിക്കാൻ യുവാവ് കാണിച്ച മനസ് ആരും കാണാതെ പോകരുതെന്നാണ് രക്ഷാപ്രവർത്തനത്തിനെത്തിയ അധികൃതർ ഉൾപ്പെടെ പറയുന്നത്.