russian-defence-minister

മോസ്‌കോ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ സുരക്ഷിതമാണെന്ന പഠന ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ റഷ്യൻ പ്രതിരോധമന്ത്രി കൊവിഡ് വാക്സിൻ സ്വീകരിച്ചു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിന്റെ വീഡിയോ ഇന്ത്യയിലെ റഷ്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഷാങ്ഹായ് സഹകരണ സംഘടന, കോമൺവെൽത്ത് ഒഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്, കൺട്രീസ് ഒഫ് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി എന്നീ രാജ്യാന്തര കൂട്ടായ്മകളിലെ പ്രതിരോധ മന്ത്രിമാർക്ക് മുന്നിൽ വാക്സിനെപ്പറ്റി റഷ്യ വിശദീകരിച്ചിരുന്നു.

അതേസമയം വാക്സിൻ ഫലപ്രദമെന്ന് പഠനഫലം വന്നെങ്കിലും കുറഞ്ഞ കാലയളവിൽ വികസിപ്പിച്ച വാക്സിൻ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കപ്പെടാത്തതിനാൽ ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യൻ പ്രതിരോധ മന്ത്രി വാക്സിൻ കുത്തിവയ്പ് എടുത്തത്.

വാക്സിൻ സുരക്ഷിതമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. സ്പുട്നിക് 5 എന്നാണ് റഷ്യയുടെ വാക്സിന് നൽകിയിരിക്കുന്ന പേര്.

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റ് വെളിപ്പെടുത്തിയിരുന്നു. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു. ഗുരുതരമായ വിപരീതഫലങ്ങളൊന്നും കണ്ടില്ലെന്നും ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ഫല റിപ്പോർട്ടിൽ പറയുന്നു. 76 പേരിലാണ് പ്രാഥമിക പരിശോധന നടത്തിയത്. ഇവരെ 42 ദിവസത്തോളം നിരീക്ഷിക്കുകയും ചെയ്തു.