ലോക്ക് ഡൗൺ കാരണം മൊബൈൽ ഫോണിന്റെ ഉപയോഗം പണ്ടെങ്ങുമില്ലാത്തവിധം വർദ്ധിച്ചു. അതും കൂടി ഇല്ലായിരുന്നെങ്കിൽ ബോറടിച്ചു ചത്തേനെ എന്ന് ചിലർ ന്യായീകരിച്ചു. എന്നാൽ പിന്നെ സൂക്ഷിച്ചുപയോഗിക്കണമെന്നായി ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്. നമുക്കെല്ലാം ഒന്നും അതിൽകൂടുതലും മൊബൈൽ ഫോണുകളുണ്ടെങ്കിലും ആരോഗ്യകരമായി എങ്ങനെയുപയോഗിക്കണമെന്ന കാര്യത്തിൽ പലർക്കും കൃത്യമായ കാഴ്ചപ്പാടില്ല. മൊബൈൽ ഫോൺ തുടർച്ചയായി ഉപയോഗിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
മൊബൈലിൽ നിന്നുള്ള ശക്തിയായ വെളിച്ചം തുടർച്ചയായി കണ്ണുകളിൽ പതിക്കുന്നത് കണ്ണിന്റെ ഡ്രൈനെസ്സ് അഥവാ രൂക്ഷത വർദ്ധിക്കുന്നതിനും ക്രമേണ കണ്ണിന്റെ പ്രകാശ സംവേദനശേഷി വ്യത്യാസപ്പെടുന്നതിനും അതുകാരണം പിന്നീട് കാഴ്ചവൈകല്യം ഉണ്ടാകുന്നതിനും ഇടയാക്കുന്നു.
തുടർച്ചയായി ചില പ്രത്യേക രീതികളിൽ ഇരുന്നും കിടന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് കഴുത്തുവേദനയും കൈകളിലേയ്ക്ക് കഴപ്പും പെരുപ്പും ഉണ്ടാകുന്നതായി കാണുന്നു. കിടന്നു മൊബൈൽ നോക്കുന്നവരിൽ ഇത് കൂടുതലായി കാണുകയും ക്രമേണ കഴുത്തിലെ നീരിറക്കം കഴുത്തിലെ കശേരുകകൾക്കിടയിൽ നീര് കെട്ടുന്നതിനും തേയ്മാനത്തിനുവരെ കാരണമാകുകയും ചെയ്യും.
തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ കാഴ്ചശക്തിക്ക് വ്യത്യാസം വരികയും കണ്ണടയുടെ പവർ ഇടയ്ക്കിടെ വർദ്ധിപ്പിക്കേണ്ടി വരികയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാഴ്ച വൈകല്യങ്ങൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടി .വി എന്നിവ വളരെ അടുത്ത് പിടിച്ചും അടുത്തിരുന്നും കാണുന്നതും, ഇത്തരം വസ്തുക്കളുടെ ദുരുപയോഗവും അമിതഉപയോഗവും ആണെന്ന് നമുക്ക് അറിയാം.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരും പറയുന്ന ഒരു പ്രധാന കാര്യമാണ് തലവേദന. എന്നാൽ തലവേദന കുറയണമെങ്കിൽ അതിന് കാരണമായ മൊബൈലിന്റെ അമിതമായ ഉപയോഗം കുറച്ച് , ആവശ്യമെങ്കിൽ ശരിയായ കാഴ്ച നൽകുന്ന കണ്ണട ഉപയോഗിക്കണം. പലരും ശരിയായ പവറിലുള്ള കണ്ണട ഉപയോഗിക്കാതെ കണ്ണ് ഇറുക്കി പിടിച്ചു വായിക്കുന്നതും വെളിച്ചം കുറവുള്ള രീതിയിലും അമിത വെളിച്ചത്തിലും വായിക്കുന്നതും ദീർഘനേരം മൊബൈൽ ഉപയോഗിക്കുന്നതും തലവേദനക്ക് കാരണമാകും.
പലരും മൊബൈൽ ഉപയോഗത്തിന് അടിമപ്പെട്ട് ആവശ്യത്തിനും, സമയത്തും ഭക്ഷണം പോലും കഴിക്കാറില്ല. കയ്യിൽ കിട്ടുന്നത് എന്തെങ്കിലും കൊറിച്ച് കഴിക്കുന്ന ശീലമാണ് പലർക്കും.നല്ല ഭക്ഷണ സംസ്കാരം അവരിൽ നിന്ന് വളരെ വേഗത്തിൽ അകന്നു പോകുകയാണ് ചെയ്യുന്നത്.ജീവിതശൈലീ രോഗങ്ങൾ ആരംഭിക്കാനും ഒന്നിന് പുറകെ മറ്റൊന്നായി രോഗങ്ങളുണ്ടാകാനും മറ്റ് കാരണങ്ങൾ വേണ്ട.
എന്തിനെയും വെറുക്കും
കണ്ടുകൊണ്ടിരിക്കുന്ന വീഡിയോകളും ഗെയിമുകളും രസചരട് മുറിയാതെ കാണുന്നതിനായി മറ്റുള്ള ഇടപെടലുകളെല്ലാം ഒഴിവാക്കുവാൻ ആദ്യം ശ്രമിക്കുകയും, പിന്നെ ചുറ്റിലുമുള്ള എന്തിനെയും വെറുക്കുകയും ചെയ്യുന്ന മനോഭാവത്തിനും മൊബൈൽ അമിതമായി ഉപയോഗിക്കുന്നവർ അടിമപ്പെട്ടു പോകാറുണ്ട്.
ഈ മനോഭാവം കൂടിയാകുമ്പോൾ ഭക്ഷണം കഴിക്കാനുള്ള താൽപര്യം കുറയുകയും വേണ്ട സമയത്ത് കഴിക്കാതിരിക്കുന്നത് കാരണം രോഗങ്ങൾ ഉണ്ടാകുകയും രോഗമുണ്ടെന്നുള്ള അവസ്ഥ പോലും തിരിച്ചറിയാൻ സാധിക്കാത്തതിനാൽ മറ്റു രോഗങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. ചിലർ വിശപ്പ് തിരിച്ചറിയാതിരിക്കുമ്പോൾ മറ്റ് ചിലർ അമിതമായി ഭക്ഷണം കഴിക്കുന്നു.
ഒരേകണക്കിനു സ്ക്രീനിന് മുന്നിൽ ഇരുന്നുള്ള ശീലം ക്രമേണ മറ്റ് എന്ത് ജോലിയായാലും ഒരു വിരൽത്തുമ്പ് അനക്കുന്നതിന് പോലും താല്പര്യമില്ലായ്മ ഉണ്ടാക്കുകയും ചടഞ്ഞിരുന്നു വണ്ണം കൂട്ടുകയും വിശപ്പ് ഇല്ലാതിരിക്കുകയും ക്രമേണ ശാരീരിക മാനസിക രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.
പ്രത്യേക കാരണമൊന്നുമില്ലാതെ എന്തിനോടും പ്രതികരിക്കുന്ന സ്വഭാവ വ്യത്യാസം വരികയും അമിതമായി ദേഷ്യത്തോടെ പ്രതികരിക്കുകയും, ശരിയായ തീരുമാനം എടുക്കുന്നതിന് കഴിയാതെ വരികയും, ദുശ്ശീലങ്ങൾക്ക് അടിമപ്പെടുകയും, കാണുന്നതൊക്കെ വലിച്ചെറിയുകയും, ആരെയും ഉപദ്രവിക്കുവാനും കൊല്ലുവാനുമുള്ള ദേഷ്യം ഉണ്ടാകുകയും ചെയ്യാം.ചിലരുടെ പ്രതികരണ ശേഷി വളരെ കുറഞ്ഞ് ഒന്നിലും താല്പര്യമില്ലാതായി പോകുകയും ചെയ്യാറുണ്ട്.
ഏതും താളംതെറ്റും
ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യത ഇല്ലാതാകുക എന്നുള്ളത് മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗത്താൽ ഉണ്ടാകുന്ന ഒരു ലക്ഷണമാണ്. വളരെ താമസിച്ചു മാത്രം ഉറങ്ങുകയും ,ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഉപയോഗിക്കുകയും ചെയ്യുന്നത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഉറങ്ങാൻ പോകുമ്പോഴുള്ള ഗെയിം കളി, ഭീകര സിനിമകൾ കാണൽ എന്നിവ കാരണം ഉറക്കം വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ട്. സമയത്ത് ഉറങ്ങാത്തവർക്ക് പിന്നെ എത്ര ശ്രമിച്ചാലും ശരിയായി ഉറങ്ങാൻ സാധിക്കണമെന്നില്ല. അപ്രകാരമുള്ള ഒരാളിന് കൃത്യമായി സമയത്ത് ഉണർന്ന് എഴുന്നേല്ക്കാനും സാധിക്കില്ല. അഥവാ അങ്ങനെ എഴുന്നേൽക്കുന്ന ശീലം ഉണ്ടെങ്കിൽ തന്നെ മനസിന് ഉന്മേഷം ലഭിക്കണമെന്നില്ല.
ഇത്തരത്തിലുള്ള ആൾക്കാർ പലരും എന്താണ് കാണുന്നത്, കേൾക്കുന്നത് എന്നുള്ളത് മറ്റുള്ളവർ അറിയാതിരിക്കാൻ വേണ്ടി ഇയർ ഫോൺ അല്ലെങ്കിൽ ഹെഡ് ഫോൺ ഉപയോഗിക്കുകയും അതിൽ നിന്നുള്ള അമിതമായ ശബ്ദം കാരണം കേൾവിക്ക് ആദ്യം തടസ്സമുണ്ടാകുകയും ക്രമേണ കേൾവിശക്തി നഷ്ടപ്പെടുകയും ചെയ്യാം.
അത്തരം ആൾക്കാർ മൊബൈൽ ഫോൺ ഇല്ലാത്തപ്പോൾ പോലും സാധാരണ ശബ്ദങ്ങൾ മനസ്സിലാക്കുന്നതിനും പ്രതികരിക്കുന്നതിനും വ്യത്യാസം ഉണ്ടാകുകയും അത്പോലെ കൂടുതൽ ഒച്ചത്തിൽ സംസാരിക്കുന്ന രീതി ഉണ്ടാകുകയും അവ ആശയക്കുഴപ്പങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അത്തരം ആൾക്കാരോട് അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായി ആരെങ്കിലും ഒന്ന് നോ പറഞ്ഞാൽ പൊട്ടിത്തെറിക്കുന്ന സ്വഭാവവും കൂടുതലായി കണ്ടുവരുന്നു.
ഇനിയുമേറെ പറയാവുന്ന വിധം മൊബൈൽ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. അതിനാൽ വളരെ വിവേകത്തോടെയുള്ള സ്വയം നിയന്ത്രണമാണ് വേണ്ടത്.