ac-blast

ധാക്ക։ ബംഗ്ലാദേശിലെ മുസ്ലിം പള്ളിക്കുള്ളി‍ൽ എയർ കണ്ടീഷണറുകൾ പൊട്ടിത്തെറിച്ച് 13 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. നാരായണ്‍ ഗഞ്ചിലെ ഫത്തുള്ളയിലെ ഒരു പള്ളിയിലാണ് വെള്ളിയാഴ്ച രാത്രി ഒൻപതോടെ സംഭവം നടന്നത്. ചികിത്സയിൽ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ധാക്ക മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ കോ-ഓർഡിനേറ്റർ സമന്ത ലാൽ സെൻ അറിയിച്ചു.

പള്ളിക്കുളിലെ ആറ് എയർ കണ്ടീഷനറുകളാണ് പൊട്ടിത്തെറിച്ചത്. പള്ളിയിലേക്ക് പോകുന്ന ഗ്യാസ് ചോർന്നതാണ് അപകടത്തിന് കാരണമായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പൈപ്പ്ലൈനിൽ നിന്ന് ഗ്യാസ് ചോർന്നു, ജനാലകൾ അടച്ചതിനാൽ ഉള്ളിൽ നിറയുകയും ചെയ്തു. ഇതിനിടെ, ആരെങ്കിലും എ.സിയോ ഫാനോ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ ശ്രമിച്ചപ്പോൾ ഉണ്ടായ തീപ്പൊരിയായിരിക്കാം സ്ഫോനടത്തിൽ കലാശിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. അപകടസമയത്ത് പ്രാർത്ഥനകൾ അവസാനിക്കാറായിരുന്നു.