വാഷിംഗ്ടൺ: ഇന്ത്യക്കാരെപ്പറ്റി മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൻ നടത്തിയ പരാമർശം വിവാദമായി. ലൈംഗികത ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്നും ലോകത്തേറ്റവും ആകർഷകത്വം ഇല്ലാത്തവരാണ് ഇന്ത്യൻ സ്ത്രീകളെന്നും അവർക്ക് എങ്ങനെയാണ് പ്രത്യുത്പ്പാദനം നടത്താൻ കഴിയുന്നതെന്നുമായിരുന്നു നിക്‌സന്റെ പരാമർശം. അമേരിക്കൻ പ്രൊഫസറായ ഗാരി ജെ. ബാസാണ് നിക്സന്റെ വിവാദ പരാമർശമടങ്ങിയ ടേപ്പ് പുറത്തെത്തിച്ചതെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. റിച്ചാർഡ് നിക്‌സൻ പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയമാണ് ഈ സംഭാഷണങ്ങൾ അടങ്ങിയ ടേപ്പുകൾ പുറത്തിറക്കിയതെന്ന് ബാസ് പറയുന്നു. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷ സെക്രട്ടറിയായ ഹെൻട്രി കിസ്സിംഗറുമായ സംഭാഷണത്തിലാണ് നിക്സൻ ഇന്ത്യക്കാരെ തരംതാഴ്ത്തുന്നത്.
'എല്ലാവരും ചോദിക്കും ആഫ്രിക്കൻ വംശജരുടെ കാര്യം. നിങ്ങൾക്ക് എന്തെങ്കിലും കഴിവുകൾ അവരിൽ കാണാൻ കഴിയും. അവർക്ക് ഊർജ്ജസ്വലതയുണ്ട്. മൃഗസമാനമായ ഭംഗിയുണ്ട്. എന്നാൽ ആ ഭംഗി പോലും ഇന്ത്യക്കാർക്ക് ഇല്ല. ദുരന്തമാണ് അവർ.' - എന്നായിരുന്നു നിക്‌സന്റെ വാക്കുകൾ.
പിന്നീട് 1971 ൽ കിസ്സിംഗറും സ്റ്റേറ്റ് സെക്രട്ടറി വില്യം പി.റോജേഴ്‌സുമായുമുള്ള ചർച്ചയ്ക്കിടയിൽ നിക്‌സൻ ഇത്തരത്തിലുള്ള പരാമർശം ആവർത്തിച്ചതായി ബാസ് പറയുന്നു. ഇന്ത്യ- പാക് യുദ്ധത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനിടെയായിരുന്നു അത്.