asteroid

ന്യൂയോർക്ക് : ഈജിപ്റ്റിലെ പ്രസിദ്ധമായ ഗിസാ പിരമിഡിന്റെ ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം നാളെ ( ഞായറാഴ്ച ) ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകും. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് 31,400 മൈൽ വേഗത്തിൽ കൂറ്റൻ ഛിന്നഗ്രഹം പ്രവേശിക്കുമെന്നാണ് നാസയുടെ നിഗമനം. ' 465824 ( 2010 എഫ്.ആർ ) ' എന്നാണ് ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. പത്തുവർഷം മുമ്പാണ് ഗവേഷകർ ഇതിനെ കണ്ടെത്തിയത്. ഛിന്നഗ്രഹം ഭൂമിയ്ക്ക് ഭീഷണി ആയേക്കില്ലെന്നാണ് സെന്റർ ഫോർ എർത്ത് ഒബ്ജക്ട് സ്‌റ്റഡീസിലെ ഗവേഷകർ പറയുന്നു.

ഛിന്നഗ്രഹങ്ങൾ സാധാരണ ഭൂമിയിൽ നിന്നും അകന്നാണ് കടന്നുപോകാറുള്ളത്. എന്നാൽ ഭൂമിയുടെ സമീപഗ്രഹങ്ങളിലെ ഗുരുത്വാകർഷണം മൂലം ഇവ ഭ്രമണപഥം മാറി ചിലപ്പോൾ അപ്രതീക്ഷിതമായി ഭൂമിയുടെ അടുത്തേക്ക് വരാനിടയുണ്ട്. നാസ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ച് വരികയാണ്. ഭൂമിയുടെ ഉപരിതലത്തിലേക്ക് ഈ ഛിന്നഗ്രഹം എന്തായാലും കടക്കില്ലെന്നാണ് ഗവേഷകർ പറുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന് ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്ന് നാസ വ്യക്തമാക്കി. 4.6 മില്യൺ മൈൽ ദൂരത്ത് കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിൽ നിന്നും 19 മടങ്ങ് കൂടുതലാണ് ഇത്.

2010 മാർച്ച് 8ന് കാറ്റലീന സ്കൈ സർവേ ആണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഇതേ വരെ 994,385 ഛിന്നഗ്രഹങ്ങളെയാണ് നാസ കണ്ടെത്തിയിരിക്കുന്നത്. അടുത്ത 100 വർഷത്തിനിടെ ഭൂമിയ്ക്ക് ഭീഷണിയുയർത്തുന്ന തരത്തിലെ ഛിന്നഗ്രഹങ്ങളൊയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് നാസ പറയുന്നത്. 2013ൽ റഷ്യയിലെ ചെല്യബിൻസ്കിൽ പതിച്ച പോലെ ഒരു ഉൽക്കാപതനം ഒരു നൂറ്റാണ്ടിൽ ഒന്നോ രണ്ടോ തവണ സംഭവിക്കാമെന്ന് ഗവേഷകർ പറയുന്നു. അന്ന് ഉൽക്ക അന്തരീക്ഷത്തിൽ വച്ച് പൊട്ടിത്തെറിച്ചെങ്കിലും ആയിരത്തിലേറെ പേർക്കാണ് പൊള്ളലേറ്റത്. നിലവിൽ ബെന്നു എന്ന ഛിന്നഗ്രഹത്തെ പറ്റി നാസ പഠനങ്ങൾ നടത്തുകയാണ്. 2175നും 2195നും ഇടയിൽ ഇത് ഭൂമിയിൽ പതിച്ചേക്കാനിടെയുണ്ട്. എന്നാൽ ഇതിന് വെറും 2700ൽ 1 ശതമാനം മാത്രമാണ് സാദ്ധ്യത കല്പിക്കപ്പെടുന്നത്.

നാളെ കഴിഞ്ഞാൽ മറ്റ് അഞ്ച് ഛിന്നഗ്രഹങ്ങൾ കൂടി ഈ മാസം തന്നെ ഭൂമിയ്ക്കരികിലൂടെ കടന്നുപോകും. സെപ്റ്റംബർ 8, സെപ്റ്റംബർ 17 എന്നീ തീയതികളിൽ ഓരോന്ന് വീതവും സെപ്റ്റംബർ 20ന് രണ്ടെണ്ണവും കടന്നു പോകും. സെപ്റ്റംബർ 12 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഒരു ഛിന്നഗ്രഹവും ഭൂമിയുടെ ഭ്രമണപഥത്തിന് അടുത്തുകൂടി സഞ്ചരിച്ചിക്കും. എന്നാൽ ഇവയൊന്നും ഭൂമിയ്ക്ക് യാതൊരു ഭീഷണിയും ഉയർത്തുന്നില്ല.

അതേ സമയം, നാളെ കടന്നു പോകുന്നതിനേക്കാൾ ഭീകരനായ ഒരു ഛിന്നഗ്രഹം നവംബർ 29ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകും. 153201 ( 2000 ഡബ്ല്യൂ.ഒ. 107 ) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രത്തിന് 8 ഫുട്ബോൾ പിച്ചുകളുടെയത്ര നീളമുണ്ട്.! അതായത് 820 മീറ്റർ വ്യാസമാണ് അതിന്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ അല്പം ഉയരം കുറവാണെന്ന് മാത്രം.