ഇറ്റാനഗർ: ലഡാക്കിൽ ഇന്ത്യ - ചൈന സംഘർഷം തുടരുന്നതിനിടെ അരുണാചൽപ്രദേശുകാരായ അഞ്ച് പേരെ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയെന്ന് റിപ്പോർട്ട്. സംഭവത്തിൽ അരുണാചൽപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. നച്ചോ പ്രദേശത്ത് മീൻ പിടിക്കാൻ പോയ ഗ്രാമീണരെ വെള്ളിയാഴ്ച ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്ന് കുടുംബാംഗങ്ങളും ആരോപിച്ചു. കോൺഗ്രസ് എം.എൽ.എ നിനോംഗ് എറിംഗാണ് വാർത്ത പുറത്തുവിട്ടത്.
താഗിൻ ഗോത്ര വിഭാഗത്തിൽപ്പെട്ട താനു ബകർ, പ്രശാന്ത് റിംഗ്ലിംഗ്, ങാരു ദിരി, ദോഗ്തു എബിയ, ടോച് സിംഗ്കം എന്നിവരെ രാജ്യാന്തര അതിർത്തിയ്ക്ക് സമീപം അപ്പർ സുബാൻസിരി ജില്ലയിൽ സെറ 7 പ്രദേശത്ത് നിന്ന് തട്ടിക്കൊണ്ടു പോയെന്ന് കാട്ടി നിനോംഗ് ട്വീറ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി പേമ ഘണ്ടുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. രണ്ടു പേർ രക്ഷപ്പെട്ടതായും വിവരമുണ്ട്.
തന്റെ പിതാവിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പ്രകാശ് റിംഗ്ലിംഗ് എന്നയാൾ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം ഷെയർ ചെയ്തിരുന്നു.
മാസങ്ങൾക്ക് മുമ്പും സമാനമായ സംഭവം നടന്നതായും ചൈനീസ് സേനയ്ക്ക് ഉചിതമായ മറുപടി നൽകണമെന്നും നിനോംഗ് ആവശ്യപ്പെട്ടു.