england

ആദ്യ ട്വന്റി-20യിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് 2 റൺസിന്റെ വിജയം.

സതാംപ്ടൺ: ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന ആസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് രണ്ട് റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഇരുപതോവറിൽ 7 വിക്കറ്റിൽ 162 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ആസ്ട്രേലിയക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഡേവിഡ് മലന്റെ അർദ്ധ സെ‌‌ഞ്ച്വറിയും ഡെത്ത് ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ ബൗളർമാരുമാണ് ഇംഗ്ലണ്ടിന് തകർപ്പൻ ജയം സമ്മാനിച്ചത്. 44 റൺസെടുത്ത് ജോസ്‌ ബട്ട്‌ലറും തിളങ്ങി. ഒരു ഘട്ടത്തിൽ ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 36 പന്തിൽ 39 റൺസ് മാത്രം വേണ്ടിയിടത്തു നിന്നാണ് ഓസീസ് മത്സരം കൈവിട്ടത്. ജയത്തോടെ 3 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ മലന്റെയും ബട്ട്‌ലറുടെയും ബാറ്രിംഗാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

43പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് മലന്റെ 66 റൺസിന്റെ ഇന്നിംഗ്സ്. 29 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ബട്ട്‌ലറുടെ ഇന്നിംഗ്സ്. ഒരു ഫോറുൾപ്പെടെ 8 പന്തിൽ 14 റൺസെടുത്ത ക്രിസ് ജോർദാനാണ് ഇരുവരേയും കൂടാതെ രണ്ടക്കം കടന്ന ഇംഗ്ലീഷ് ബാറ്ര്‌സ്‌മാൻ. ആസ്ട്രേലിയക്കായി ആഗർ, റിച്ചാഡ്സൺ, മാക്സ്‌വെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ ആസ്ട്രേലിയക്കായി ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 11 ഓവറിൽ 98 റൺസ് കൂട്ടിച്ചേർത്തു. വാർണർ 47 പന്തിൽ 4 ഫോറുൾപ്പെടെ 58 റൺസും ഫിഞ്ച് 32 പന്തിൽ 7 ഫോറും 1 സിക്സും ഉൾപ്പെടെ 46 റൺസുമെടുത്തു. ആരോൺ ഫിഞ്ചിനെ ജോർദാന്റെ കൈയിൽ എത്തിച്ച് ജോഫ്ര ആർച്ചറാണ് ആസ്ട്രേലിയയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്. ടീം സ്കോർ 124ൽ വച്ച് വൺഡൗണായെത്തിയ സ്റ്റീവൻ സ്മിത്ത് (16 പന്തിൽ 18) റാഷിദിന്റെ പന്തിൽ ബെയർ സ്റ്റോയ്ക്ക് ക്യാച്ച് നൽകി മടങ്ങിയതിന് പിന്നാലെ 9 റൺസ് കൂടികൂട്ടിച്ചേർക്കുന്നതിനിടെ ഓസീസിന് 3 വിക്കറ്റുകൾകൂടി നഷ്ടമായത് തിരിച്ചടിയാവുകയായിരുന്നു. ടോം കറൻ എറിഞ്ഞ അവസാന ഓവറിൽ ഓസീസിന് ജയിക്കാൻ 15 റൺസ് വേണമായിരുന്നു. എന്നാൽ ക്രീസിലുണ്ടായിരുന്ന സ്റ്റോയിനിസിന് ഒരു സിക്സ് സഹിതം നേടാനായത് 12 റൺസ് മാത്രമായിരുന്നു. ഇംഗ്ലണ്ടിനായി ആർച്ചറും റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സ്കോർ ബോർഡ്:

ഇംഗ്ലണ്ട് ബാറ്രിംഗ്: ബട്ട്‌ലർ സി കുമ്മിൻസ് ബി ആഗർ 44, ബെയർ സ്റ്റോ സി സ്റ്റാർക്ക് ബി കുമ്മിൻസ് 8, മലൻ സി സ്മിത്ത് ബി റിച്ചാർഡ്സൺ 66, ബാന്റൺ സി ഫിഞ്ച് ബി ആഗർ 8, മോർഗൻ സി സ്മിത്ത് ബി മാക്സ്‌വെൽ 5, മോയിൻ അലി സി സാംപ ബി മാക്സ്‌വെൽ 2, ടോം കറൻ സി ആഗർ ബി റിച്ചാർഡ്‌സൺ 6, ജോർദാൻ നോട്ടൗട്ട് 14, റഷീദ് നോട്ടൗട്ട് 1. എക്‌സ്ട്രാസ് 8. ആകെ 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 162 റൺസ്.

വിക്കറ്റ് വീഴ്ച: 1-43,2-64,3-74,4-91,5-108,6-124,7-147.

ബൗളിംഗ് സ്റ്രാർക്ക് 3-0-30-0, ആഗർ 4-0-32-2,കുമ്മിൻസ് 3-0-24-1,റിച്ചാർഡ്‌സൺ 3-0-13-2,സാംപ 4-0-47-0, മാക്സ്‌വെൽ 3-0-14-2.

ആസ്ട്രേലിയ ബാറ്റിംഗ്: വാർണർ ബി ആർച്ചർ 58, ഫിഞ്ച് സി ആർച്ചർ ബി ജോർദാൻ 46, സ്‌മിത്ത് സി ബെയർസ്റ്റോ ബി റഷീദ് 18, മാക്‌സ്‌വെൽ സി മോർഗൻ ബി റഷീദ് 1, സ്‌റ്റോയിനിസ് നോട്ടൗട്ട് 23, കാരെ ബി വുഡ് 1, ആഗർ റണ്ണൗട്ട് 4, കുമ്മിൻസ് നോട്ടൗട്ട് 0. എക്സ്ട്രാസ് 9. ആകെ 20 ഓവറിൽ 6 വിക്കറ്ര് നഷ്ടത്തിൽ 166 റൺസ്.

വിക്കറ്റ് വീഴ്ച:1-98, 2-124,3-127,4-129,5-133,6-148.

ബൗളിംഗ്: ആർച്ചർ 4-0-33-2, വുഡ് 4-0-31-1,ജോർദാൻ 3-0-23-0,ടോം കറൻ 4-0-33-0, റഷീദ് 4-0-29-2, മോയൻ അലി 1-0-9-0.