ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ചെെന. മോസ്കോയിൽ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഇരു രാജ്യങ്ങളും പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നതായും നയതന്ത്രവിദഗ്ദ്ധർ പറയുന്നു.
അതിർത്തി തർക്കമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ രണ്ടരമണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. ഇന്ത്യയിലെ മാദ്ധ്യമങ്ങൾ തെറ്റായ രീതിയിലാണ് വാർത്തകൾ നൽകുന്നതെന്നും 1962ലെ ഇന്ത്യൻ സേനയല്ല ഇപ്പോഴെന്ന് പറയുന്നത് പോലെ അന്നത്തെ ചെെനീസ് സേനയല്ല ഇന്ന് ഉളളതെന്നും ജനറല്‍ വെയ് ഫെങ്‌ഹെ പറഞ്ഞു. എന്നാൽ ഇന്ത്യ ജനാധിപത്യരാജ്യമാണെന്നും അതിനാൽ മാദ്ധ്യമങ്ങളെ തടയാനാകില്ലെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഇരുനേതാക്കൾ തമ്മിൽ ചർച്ച നടത്തുമ്പോഴും അതിർത്തിയിൽ പാംഗോംഗ് മേഖലയിൽ ചെെനയുടെ കടന്നുകയറ്റ ശ്രമം തുടരുന്ന സ്ഥിതിയാണ്.
അതേസമയം അതിർത്തിയിൽ നിന്നും ഒരു ഇഞ്ച് ഭൂമിപോലും വിട്ടു നൽകില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഇരു സേനകളും അതിർത്തിയിൽ കൂടുതൽ സെെനികരെ വിന്യസിച്ചിരിക്കുകയാണ്.