cm

തിരുവനന്തപുരം: സർക്കാരിനെതിരെ രംഗത്തിറങ്ങാനും വിവരങ്ങൾ ചോർത്തി നൽകാനും ആവശ്യപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടി അനുകൂല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.പി.സി.സി അദ്ധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഈ നിലപാട് ജനാധിപത്യ പ്രക്രിയയിലെ ഗുരുതരമായ പ്രശ്നമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥരോട്, സർക്കാരിനോട് വിശ്വാസ വഞ്ചന കാട്ടണമെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

'സർക്കാർ ഏൽപ്പിക്കുന്ന ഭദ്രമായ കാര്യങ്ങളുണ്ട്. അതാണ് സർക്കാർ ഉദ്യോഗസ്ഥർ പാലിക്കുന്നത്. അത് ഏത് തരത്തിലുള്ള ഉദ്യോഗസ്ഥനായാലും അയാളുടെ ഉത്തരവാദിത്തം, രഹസ്യം എന്നത് പൂർണമായും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യസ്ഥനാണ്. അത് അവർപാലിക്കേണ്ടതില്ല, നിങ്ങൾ വിവരങ്ങൾ ചോർത്തണം, അത് ഞങ്ങൾക്ക് കൈമാറണം എന്നൊക്കെ പറയുന്നത് വലിയ തോതിലുള്ള കലാപ ആഹ്വാനമായിട്ടേ കണക്കാക്കാൻ പറ്റുകയുള്ളൂ' - മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങളിലൊക്കെ പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തികളിൽ നിന്നും ഇത്തരത്തിലെ നിലപാട് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അത് നിർഭാഗ്യകരമാണെന്നും മാത്രമേ തനിക്ക് പറയാനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ്‌ സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകാൻ മുല്ലപ്പള്ളി ആവശ്യപ്പെട്ടത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഉദ്യോഗസ്ഥരുടെ സേവനം പാർട്ടിക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓഫീസേഴ്‌സ്‌ ആൻഡ്‌ സർവീസ്‌ ഓർഗനൈസേഷൻസ്‌ സെല്ലിന്റെ പേരിൽ ഓൺലൈനായാണ്‌ യോഗം ചേർന്നത്‌,