കോഴിക്കോട്: ബാല സംസ്‌കാര കേന്ദ്രം ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നൽകി വരുന്ന ജന്മാഷ്ടമി പുരസ്‌കാരം എം.ടി വാസുദേവൻ നായർ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എം.ടിയുടെ കോഴിക്കോട്ടെ വീട്ടിലായിരുന്നു പുരസ്‌കാര സമർപ്പണം.
സിനിമയിൽ നിന്ന് ആരംഭിക്കുന്ന ചങ്ങലയുടെ ഇങ്ങേയറ്റത്ത് കൈതപ്രത്തെ കാണാനായതിലും ജന്മാഷ്ടമി പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിക്കുന്നതിലും സന്തോഷമുണ്ടെന്ന് എം.ടി പറഞ്ഞു.
എം.ടിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാനായത് ജീവിത സുകൃതമായാണ് കാണുന്നതെന്നും ബാലഗോകുലത്തിൽ നിന്ന് കിട്ടിയ പുരസ്‌കാരത്തിന് ഏറെ നിറവുണ്ടെന്നും കൈതപ്രം പറഞ്ഞു.
ബാല സംസ്‌കാര കേന്ദ്രം ചെയർമാൻ ആമേടമംഗലം വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷനായി. ബാലഗോകുലം മാർഗദർശി എം.എ കൃഷ്ണൻ ആശീർവാദ പ്രസംഗവും ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മുഖ്യപ്രഭാഷണവും ഓൺലൈനായി നടത്തി. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പി ബാബുരാജൻ,സംസ്ഥാന സമിതി അംഗം എൻ. ഹരീന്ദ്രൻ,മോഹൻദാസ്,പി. ശ്രോഭ് തുടങ്ങിയവർ പ്രസംഗിച്ചു.