ന്യൂഡൽഹി\ കൊല്ലം: ഒൻപത് വർഷം മുമ്പ് 27 കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സർക്കാർ വിദ്യാലയത്തെ ഇന്ന് 337 കുട്ടികളുടെ പഠന കേന്ദ്രമാക്കി മാറ്റിയ തങ്കലത ടീച്ചർക്കും ചിത്രങ്ങളിലൂടെ കുട്ടികളുടെ പഠനം എളുപ്പമാക്കിയ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകൻ സജികുമാർ വി.എസിനും രാജ്യത്തിന്റെ ആദരവായി ദേശീയ അദ്ധ്യാപക അവാർഡ്. ചവറ സൗത്ത് ഗവ.എൽ.വി എൽ.പി.എസ് പ്രഥമാദ്ധ്യാപികയായ കൊല്ലം പട്ടത്താനം ജനകീയ നഗർ 234ൽ ടി. തങ്കലത (53) സമർപ്പിതമായ അദ്ധ്യാപന ജീവിതത്തിന്റെ അടയാളമാണ്.
1990ൽ പടിഞ്ഞാറെ കൊല്ലം എൽ.പി.എസിലാണ് ടീച്ചർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 2011ൽ ചവറ സൗത്ത് ഗവ. എൽ.വി എൽ.പി.എസിൽ പ്രഥമാദ്ധ്യാപികയായെത്തി. കുട്ടികളുടെ എണ്ണം കുറഞ്ഞ് അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് പോയ സ്കൂളിനെ ടീച്ചർ അതിജീവന വഴിയിലേക്ക് തിരികെയെത്തിച്ചു. ചവറയിലെ ജനപ്രതിനിധികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായം സ്കൂളിലെത്തിച്ചു. ഹൈടെക് ക്ലാസ് മുറികൾ, ആധുനിക സൗകര്യങ്ങളുള്ള കക്കൂസുകൾ, ഓഡിറ്റോറിയം തുടങ്ങി സ്കൂളിന്റെ ഭൗതിക അന്തരീക്ഷങ്ങൾ മെച്ചപ്പെടുത്തി.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ബോധന - പഠന നിലവാരം മെച്ചപ്പെടുത്തിയതോടെ നാടിന്റെയാകെ പിന്തുണ ഒപ്പമെത്തി. സഹ അദ്ധ്യാപകരും നാട്ടുകാരും പിന്തുണയുമായി ഒപ്പം കൂടിയതോടെ ചവറ സൗത്ത് ഗവ. എൽ.വി എൽ.പി.എസിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കളുടെ തിരക്കായി. ഇന്ന് 337 കുട്ടികളുണ്ട്. എം.എ, എം.എഡ് ബിരുദ ധാരിയായ ടീച്ചർക്ക് ഹൈസ്കൂൾ അദ്ധ്യാപികയായി ജോലിക്കയറ്റം ലഭിക്കുമെങ്കിലും അത് വേണ്ടെന്ന് വച്ചാണ് ചെറിയ കുട്ടികളുടെ അദ്ധ്യയന ലോകത്ത് തുടരുന്നത്. ഭർത്താവ് റിട്ട. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ബി. അജിത്ത് കുമാറിന്റെയും മക്കളായ അക്ഷയ്, അനശ്വർ എന്നിവരുടെയും പൂർണ പിന്തുണയും ടീച്ചർക്കുണ്ട്.
ചിത്രകലാ അദ്ധ്യാപകനായ സജികുമാർ ചിത്രങ്ങളുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് കണക്ക്, സയൻസ്, സോഷ്യൽ സ്റ്റഡീസ്, ഫിസിക്കൽ എജ്യൂക്കേഷൻ വിഷയങ്ങളുടെ പഠനം ആയാസകരമാക്കിയതിനാണ് പുരസ്കാരം. ദേശീയ, അന്തർദേശീയ സംഘടനകളുമായി സഹകരിച്ച് ഡിജിറ്റൽ ആർട്ടിലും മറ്റുമായി നിരവധി പ്രോജക്ടുകൾ തയാറാക്കാൻ വിദ്യാർത്ഥികളെ സഹായിച്ചു. വിദ്യാർത്ഥികൾക്കായി ആർട്ട് ക്യാമ്പുകളും ആർട്ട് ക്ളബുകളും രൂപീകരിച്ചു.