മുംബയ് : പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോണി ബക്ഷി അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടർന്ന് ഇന്നലെ രാവിലെ ബക്ഷിയെ മുംബയ് ജുഹുവിലെ ആരോഗ്യ നിധി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ മാറ്റുകയായിരുന്നു. കൊവിഡ് 19 പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. സംസ്കാരം നടത്തി.
നാല് ദശാബ്ദം നീണ്ട സിനിമാ ജീവിത്തിനിടെ നിരവധി ചിത്രങ്ങളുടെ നിർമാതാവായും സംവിധായകനായും ബക്ഷി പ്രവർത്തിച്ചു. മൻസിലേൻ ഔർ ഭി ഹേം ( 1974 ), രാവൺ ( 1984 ), ഫിർ തെരി യാദ് ആയി ( 1993 ) തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. ദാക്കൂ ഔർ പൊലീസ് ( 1992 ), രാജേഷ് ഖന്ന നായകനായെത്തിയ ഖുദായി ( 1994 ) എന്നിവയാണ് ബക്ഷി സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ. ഹാർ ജീത് ( 1990 ), പാപ്പ കെഹ്തെ ഹേ ( 1996 ) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാൻഡോ, കെന്നഡി, ബ്രാഡ്മാൻ, പ്രിയ എന്നിവരാണ് മക്കൾ. അനുപം ഖേർ, ഷബാന ആസ്മി ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്നും നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.