popular-finance


പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെയും ബന്ധുക്കളുടെയും ജീവനക്കാരുടെയും വീടുകളിൽ പൊലീസ് ഇന്നലെ റെയ്ഡ് നടത്തി. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ ജില്ലയിലും ജില്ലയ്ക്ക് പുറത്തുമുള്ള ഒമ്പതിടങ്ങളിൽ ഒരേസമയത്തായിരുന്നു റെയ്ഡ്. വസ്തുക്കളുടെ പ്രമാണങ്ങൾ ഉൾപ്പെടെ നിരവധി രേഖകൾ പിടിച്ചെടുത്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
ഡ്രൈവർമാർ, അടുത്ത സുഹൃത്തുക്കൾ, മനസാക്ഷി സൂക്ഷിപ്പുകാർ, എന്നിവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വകയാറുള്ള ഹെഡ്ക്വാർട്ടർ അനെക്‌സ് കെട്ടിടം, ലാബ്, പഴയ ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലുമെല്ലാം പരിശോധന നടന്നു. സ്ഥാപനത്തിലെ ഡ്രൈവറുടെ പേരിലും കമ്പനിയുടെ പാർട്ണർഷിപ്പ് ഉള്ളതായി വിവരം ലഭിച്ചു. ഡ്രൈവർ ഉപയോഗിച്ചുവന്ന കാർ പിടിച്ചെടുത്തു.
പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ടവർ എവിടെയെങ്കിലും സ്ഥാവര ജംഗമവസ്തുക്കൾ വാങ്ങുകയോ സ്വർണമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള വസ്തുക്കളോ ഈട് വയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം വിവരങ്ങൾ നൽകണമെന്ന് പൊലീസ് അറിയിച്ചു.