
ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരവാദം വളർത്താനും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി തുർക്കി വൻ തോതിൽ സാമ്പത്തിക സഹായം നൽകുന്നതായി വിവരം. അടുത്തിടെ നടന്ന സുരക്ഷാ വിലയിരുത്തലിനിടെ രാജ്യത്തെ സുരക്ഷാ ഏജൻസികളാണ് ഇത് സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ കണ്ടെത്തിയത്. ഇന്ത്യയിലെ തീവ്ര ഇസ്ലാമിക സംഘടനകൾക്കും, ഐസിസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങൾക്കും പണം നല്‍കുന്നതിന് പിന്നിൽ തുർക്കിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
മാത്രമല്ല, ഇന്ത്യക്കാരുടെ, സിറിയയിലേക്കുള്ള ഐസിസ് റിക്രൂട്ട്മെന്റിനായി തുർക്കി സർക്കാരിന്റെ സഹായത്തോടെ 'തുർക്കിഷ് ഹാൻഡ്‌ലേഴ്‌സ്' പ്രവർത്തിച്ചതിനുള്ള നിരവധി തെളിവുകളും സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഐസിസ് ബന്ധമുള്ള യുവതീയുവാക്കൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മാത്രമല്ല, തങ്ങൾ തുർക്കി വഴിയാണ് സിറിയയിൽ എത്തിയതെന്നും തുർക്കിയിൽ നിന്നുമുള്ള ചിലരാണ് തങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതെന്നും ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.
രാജ്യത്തെ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ, രാഷ്ട്രീയപാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരെ 'ബ്രെയിൻ വാഷ്' ചെയ്തുകൊണ്ട് തങ്ങളുടെ തീവ്രവാദ ആശയങ്ങളിലേക്ക് അടുപ്പിക്കാനാണ് തുർക്കിഷ് ഏജന്റുമാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ഇവർക്ക് പാകിസ്ഥാൻ ഭീകര സംഘടനകളുടെ സഹായവും വൻതോതിൽ ലഭിക്കുന്നുണ്ട്.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് തുർക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ്പ് എർദോഗന്റെ മകൻ ബിലാൽ എർദോഗനാണ് പ്രവർത്തിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. ഏതാനും വർഷങ്ങളായി തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ കമാൻഡറായി പ്രവർത്തിക്കുന്ന ബിലാൽ, ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിലുള്ള യുവതീയുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാനായി രഹസ്യ ഓപറേഷനുകളും നടത്തുന്നുണ്ട്.
എർദോഗൻ തന്നെയാണ് ഇതിനു പിന്നിലെ 'മാസ്റ്റർ ബ്രെയിൻ' എന്നാണ് വിവരം. ഇതുവഴി തെക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും മുസ്ലീങ്ങൾക്കിടയിൽ പ്രശസ്തിയും സ്വാധീനവും നേടിയെടുക്കാനാണ് എർദോഗൻ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ധനസഹായം നല്‍കുക, മതതാത്പ്പര്യങ്ങളുള്ള രാഷ്ട്രീയ സംഘടനകളുമായി സഹകരിക്കുക, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവ വഴി ഇന്ത്യയിലെ ക്രമസമാധാനം തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്. അതോടൊപ്പം ഇന്ത്യയ്ക്കുമേൽ ആക്രമണം അഴിച്ചുവിടുന്നതിനായി പാകിസ്ഥാനുമേൽ തുർക്കി സമ്മർദ്ദം ചെലുത്തുന്നതായും വിവരമുണ്ട്.