aswanth

തലശ്ശേരി:കതിരൂരിൽ ഇന്നലെ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരു സി.പി.എം പ്രവർത്തകൻ കസ്റ്റഡിയിൽ. പൊന്ന്യം സ്വദേശിയായ അശ്വന്ത് (22)ആണ് പിടിയിലായത്. സംഭവ സമയം ഓടിരക്ഷപെട്ട അശ്വന്തിനെ കതിരൂർ സി.ഐ പിന്നീട് പിടികൂടുകയായിരുന്നു. അശ്വന്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സി.ഒ.ടി.നസീർ വധശ്രമക്കേസിലെ മൂന്നാം പ്രതിയാണ് അശ്വന്ത്.
ഈ പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡിൽ ഒരു സ്റ്റീൽ ബോംബും, ഒരു നാടൻ ബോംബും ഇന്നലെ കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ റോഡിൽ തെക്കേ തയ്യിലിൽ ബോംബ് സ്‌ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.സ്‌ഫോടനത്തിൽ പരിക്കേറ്റ മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്തെ കുട്ടു എന്ന റിനീഷ് (33), ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജൂട്ടി (36), അഴിയൂർ സ്വദേശി ധീരജ് (34) എന്നിവർ ചികിത്സയിലാണ്. പരിക്കേറ്റവരെല്ലാം സി.പി.എം. പ്രവർത്തകരാണ്. റിനീഷിന്റെ ഇരു കൈപ്പത്തികളും തകർന്നിട്ടുണ്ട്. സജൂട്ടിക്ക് കണ്ണിനാണ് പരിക്ക്. സംഭവസ്ഥലത്തുനിന്ന് പുതുതായി നിർമിച്ച 12 സ്റ്റീൽ ബോംബുകൾ പൊലീസ് കണ്ടെടുത്തിരുന്നു.

ബോംബ് സ്ഫോടനത്തെക്കുറിച്ച് അന്വേഷണത്തിനായി തലശ്ശേരി ഡിവൈ.എസ്.പി. മൂസ്സ വള്ളിക്കാടൻ, കതിരൂർ ഇൻസ്പെക്ടർ എം. അനിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഫോടനസമയത്ത് സ്ഥലത്ത് ആറ് പേർ ഉണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന് വിവരം. കതിരൂരിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളായ കുണ്ടുചിറ, കക്കറ, ഡയമണ്ട് മുക്ക്, നായനാർ റോഡ്, മൂന്നാം മൈൽ ഭാഗങ്ങളിൽ സായുധ പൊലീസ് സാന്നിദ്ധ്യത്തിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഇന്നലെ രാവിലെ വ്യാപക തെരച്ചിൽ നടത്തി. തെരച്ചലിന് ബോംബ് സ്‌ക്വാഡിലെ ഇൻസ്പെക്ടർ ശശിധരൻ നേതൃത്വം നൽകി.