അയോദ്ധ്യ: രാമജന്മഭൂമിയിൽ ക്ഷേത്ര നിർമാണം സെപ്റ്റംബർ 17ന് ശേഷം ആരംഭിക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. രണ്ടാഴ്ച നീണ്ട് നിൽക്കുന്ന പിതൃ പക്ഷം അവസാനിച്ചതിന് ശേഷമാകും ക്ഷേത്ര നിർമാണം ആരംഭിക്കുക. രാജ്യത്തെ പ്രമുഖ നിർമാണ കമ്പനിയായ ലാർസൻ ആൻഡ് ടർബോ ക്ഷേത്രനിർമ്മാണത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണെന്നും റായ് പറഞ്ഞു.
പ്രതിഫലം വാങ്ങാതെയാണ് ഈ കമ്പനി ക്ഷേത്ര നിർമാണം നടത്തുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്. ക്ഷേത്രത്തിന്റെ അടിത്തറ തയ്യാറാക്കുന്നതിനായി 100 അടി താഴ്ചയിലുള്ള 1,200 പില്ലറുകൾ സ്ഥാപിക്കും. ഈ സ്തംഭങ്ങൾ കല്ല്കൊണ്ടാവും നിർമിക്കുക. ഇതിനായി മുംബയിൽ നിന്നും പ്രത്യേകം യന്ത്രങ്ങൾ കൊണ്ട് വരും. നൂറോളം തൊഴിലാളികളെയാണ് ക്ഷേത്രത്തിന്റെ അടിത്തറ നിർമാണത്തിന് ആവശ്യമായി വരുന്നതെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടൽ. വെെറസ് വ്യാപനം കണക്കിലെടുത്ത് നിർമാണത്തിന് മുമ്പായി മുഴുവൻ തൊഴിലാളികളുടെയും കൊവിഡ് പരിീശോധന നടത്തും. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി പ്രത്യേകം താപ പരിശോധനയും നടത്തും.
ഏറെ നാളത്തെ തർക്കങ്ങൾക്ക് ഒടുവിൽ 2019 നവംബർ 9നാണ് രാമക്ഷേത്ര നിർമാണത്തിന് സുപ്രീംകോടതിയുടെ അനുകൂല വിധിവരുന്നത്. പിന്നാലെ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് തറക്കലിട്ടു.