പനാജി: കൊവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റൈനിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഫയൽ പരിശോധിക്കുന്ന ഫോട്ടോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഫയൽ പരിശോധിക്കുന്ന മുഖ്യമന്ത്രി ഗ്ലൗസ് ധരിച്ചിട്ടില്ലെന്നും ഇതുവഴി ഈ ഫയൽ കൈകാര്യം ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
ഗോവയിലെ അൽറ്റിനോയിലുള്ള വസതിയിലാണ് പ്രമോദ് സാവന്ത് ക്വാറന്റൈനിൽ കഴിയുന്നത്. ക്വാറന്റൈനിലായിട്ടും തന്റെ ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്ന മുഖ്യമന്ത്രി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പാർട്ടി പ്രവർത്തകർ ഷെയർ ചെയ്തത്.
കൊവിഡ് പോസിറ്റീവായ ഒരാൾ മറ്റൊരാൾ കൈകാര്യം ചെയ്യേണ്ട ഫയൽ ഇത്തരത്തിൽ പരിശോധിക്കുന്നത് ശരിയല്ല. ഈ ഫയലുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും കൊവിഡ് രോഗബാധ ഉണ്ടായാൽ അതിൽ അതിശയിക്കാനില്ല എന്നാണ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കർ ട്വീറ്റിന് മറുപടി നൽകിയിരിക്കുന്നത്.
സെപ്തംബർ രണ്ടിനാണ് പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രകടമായ ലക്ഷണങ്ങളില്ലെന്നും താൻ ഹോം ക്വാറന്റൈനിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.