sushant

മുംബയ്: നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സുശാന്തിന്റെ വീട്ടുജോലിക്കാരനായ ദീപേഷ് സാവന്തിനെയാണ് നർക്കോട്ടിക്ക്സ് സംഘം അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണവും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തുന്ന മൂന്നാമത്തെ അറസ്റ്റാണിത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും നർക്കോട്ടിക്ക്സ് സംഘം അറിയിച്ചു.

സുശാന്തിന്റെ ഫ്ലാറ്റിന് താഴെയുളള ഒരു മുറിയിലാണ് ദീപേഷ് താമസിച്ചിരുന്നത്. ജൂൺ 14ന് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതു വരെ ഇയാൾ സുശാന്തിനൊപ്പമുണ്ടായിരുന്നു. ദീപേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗബിക് ചക്രബർത്തിയേയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയേയും നാർകോട്ടിക്സ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്ന് ശേഖരിക്കുന്നതിനും കെെകാര്യം ചെയ്തതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊഴികളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും നർക്കോട്ടിക്ക്സ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി.എസ് മൽഹോത്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.