ശ്രീനഗർ: ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ വടക്കൻ കാശ്‌മീരിൽ തങ്ങളുടെ താവളം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായി കരസേന. ബാരാമുള്ളയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ ഭീകരർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സേന ഇക്കാര്യം പറഞ്ഞത്.
വടക്കൻ കാശ്‌മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിക്കുന്നത് വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമാണെന്ന് ബ്രിഗേഡിയർ എൻ.കെ. മിശ്ര പറഞ്ഞു. അടുത്തകാലത്ത് ലഷ്‌കർ, ജയ്‌ഷെ ഭീകര ഗ്രൂപ്പുകളിൽ നിന്നുള്ളവരെയാണ് നിഷ്‌ക്രിയമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വടക്കൻ കാശ്‌മീരിൽ ഹിസ്ബുൾ ഗ്രൂപ്പിന്റെ പ്രവർത്തനം കുറവായിരുന്നു. ഹിസ്ബുൾ തങ്ങളുടെ താവളം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പുനരുജ്ജീവനം ലക്ഷ്യം വച്ചുള്ള ഭീകര സംഘടനയുടെ എല്ലാ പദ്ധതികളും പരാജയപ്പെടുത്താൻ സുരക്ഷാ സേന ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കൻ കാശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ട മൂന്ന് ഭീകരർ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുള്ളവരാണെന്ന് വടക്കൻ കാശ്‌മീർ റേഞ്ച് ഡി.ഐ.ജി അറിയിച്ചു. രണ്ട് പേർ നാട്ടുകാരാണെന്നും ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു